കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 141-4 എന്ന നിലയില്‍ മൂന്നാം സെഷന് ആരംഭിച്ച ഇന്ത്യയ്ക്ക് 82 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. 79 റണ്‍സെടുത്ത നായകന് വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസൊ റബാഡ നാലും മാര്‍ക്കൊ ജാന്സണ് മൂന്നും വിക്കറ്റുകള്‍ നേടി.
പ്രതിരോധത്തിലേക്ക് വലിയാതെ മോശം പന്തുകളെ ശിക്ഷിച്ചുകൊണ്ടായിരുന്നു ഓപ്പണര്‍മാരായ മായങ്കും രാഹുലും മുന്നേറിയത്. ശരാശരി ഒരു ഓവറില്‍ മൂന്ന് റണ്‍സ് എന്ന നിലയില്‍ മുന്നോട്ട് പോകവെയായിരുന്നു രാഹുലിനെ ഒലിവിയര്‍ പുറത്താക്കിയത്. പിന്നാലെ തന്നെ മായങ്കിനെ റബാഡയും മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് ഉള്‍വലിയുകയായിരുന്നു.
പതിവിന് വിപരീതമായി പൂജാര കോഹ്ലിയേക്കാള് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. മറുവശത്ത് കോഹ്ലി പൂജാരയ്ക്ക് പിന്തുണ നല്‍കുക എന്ന ദൗത്യമായിരുന്നു ഏറ്റെടുത്തത്. പിന്നീട് അപകടങ്ങളില്ലാതെ ആദ്യ സെഷന് അവസാനിപ്പിക്കാനായി. എന്നാല്‍ രണ്ടാം സെഷനില്‍ ജാന്സണ് 62 റണ്‍സിന്റെ മൂന്നാം വിക്കറ്റ് പൊളിച്ചു. 77 പന്തില്‍ നിന്നായിരുന്നു പൂജാര 43 റണ്‍സ് നേടിയത്.
അജിങ്ക്യ രഹാനെ ഒരിക്കല്‍കൂടി പരാജയപ്പെടുന്നതായിരുന്നു മൈതാനം പിന്നീട് കണ്ടത്. 12 പന്തില്‍ ഒന്‍പത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ആറാമനായെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം സെഷനില്‍ തുടക്കത്തില്‍ ആക്രമിച്ച് കളിച്ച പന്തിനെ ജാന്സന് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമായത്.
പിന്നാലെയെത്തിയ രവിചന്ദ്രന്‍ അശ്വന് (2), ഷാര്‍ദൂല്‍ താക്കൂര്‍ (12), ജസ്പ്രിത് ബുംറ (0), മുഹമ്മദ് ഷമി (7) എന്നിവരാണ് പുറത്തായത്. 79 റണ്‍സെടുത്ത കോഹ്ലിയെ റബാഡയാണ് മടക്കിയത്. 201 പന്തില്‍ 12 ഫോറുകളും ഒരു സിക്സുമടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. 2020 ജനുവരിക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ ഉയര്‍ന്ന സ്കോറാണിത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് സന്ദര്‍ശകര്‍ ഇറങ്ങുന്നത്. ഹനുമ വിഹാരിക്ക് പകരം വിരാട് കോഹ്ലിയും പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവും ടീമിലെത്തി. എന്നാല്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക നിര്‍ണായ മത്സരത്തിനിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചു. മൂന്നാം ടെസ്റ്റ് നേടുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യ: കെ. എൽ. രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ഡീൻ എൽഗർ, എയ്ഡൻ മാർക്രം, കീഗൻ പീറ്റേഴ്സൺ, റാസി വാൻ ഡെർ ഡ്യൂസെൻ, ടെമ്പ ബാവുമ, കെയ്ൽ വെറെയ്നെ, മാർക്കോ ജാൻസൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാനെ ഒലിവിയർ, ലുങ്കി എൻഗിഡി.
Also Read: ഹാർദിക് പാണ്ഡ്യ ഐപിഎൽ അഹമ്മദാബാദ് ടീമിന്റെ കാപ്റ്റനാകും; ഫ്രാഞ്ചൈസിക്ക് ബിസിസിഐയുടെ അനുമതികൾ ലഭിച്ചു