ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇരു ടീമുകളും ഇന്നിറങ്ങും. വിജയത്തോടെ പരമ്പര ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് മുന്നിലുള്ളത് ഒരു സുവര്‍ണാവസരമാണ്.

ഇന്ന് രോഹിത്തിന് 84 റണ്‍സ് നേടാനായാല്‍ അത് പുതിയ ചരിത്രമായി മാറും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 424 റണ്‍സെടുത്ത ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് രോഹിത് ഇതോടെ മറി കടക്കുക.

ധര്‍മശാലയിലാണ് ഇന്ന് ആദ്യ ട്വന്റി 20 മത്സരം. രാത്രി ഏഴിന് മത്സരം ആരംഭിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഇന്ത്യയ്ക്കുണ്ട്.

Read More: രോഹിത് ടെസ്റ്റില്‍ ക്ലിക്കായാല്‍ ഇതുവരെ നേടാനാകാത്ത പലതും നമുക്ക് നേടാനാകും: സഞ്ജയ് ബംഗാര്‍

ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. ധര്‍മശാലയിലെ കനത്ത ചൂട് താരങ്ങളെ വലയ്ക്കും. 36 ഡിഗ്രിയില്‍ അധികമാണ് പകല്‍ ഇവിടെ ചൂട്. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കും മത്സരം നിര്‍ണായകമാണ്. ലോകകപ്പ് ക്രിക്കറ്റിലേറ്റ നാണക്കേട് മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ നയിക്കുന്നത്. പേസ് ബോളര്‍ റബാദയിലാണ് ദക്ഷിണാഫ്രിക്ക ഏറെ പ്രതീക്ഷ വയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook