റാഞ്ചി: ടെസ്റ്റില്‍ ഓപ്പണറായുള്ള സ്ഥാനക്കയറ്റം റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആഘോഷിക്കുകയാണ് രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് രോഹിത് ഇന്ന് തിരുത്തിയത്.
ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രോഹിത്. നേരത്തെ ഈ നേട്ടം കൈവരിച്ചത് വിനൂ മങ്കാഡും ബുധി കുന്ദേരനും സുനില്‍ ഗവാസ്‌കറും വിരേന്ദര്‍ സെവാഗും മാത്രമായിരുന്നു. രോഹിത്തിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത് സെവാഗ് മാത്രമാണ്. 2005ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു സെവാഗിന്റെ നേട്ടം. അഞ്ച് വട്ടം ഗവാസ്‌കര്‍ 500 കടന്നിട്ടുണ്ട്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സെവാഗിന്റെ സ്‌റ്റൈലിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം. സിക്‌സിലൂടെയായിരുന്നു രോഹിത് ഇരട്ട സെഞ്ചുറി നേടിയത്. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും രോഹിത് തന്റേതാക്കി മാറ്റി. സെവാഗും സച്ചിനും ഗെയിലുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നവര്‍.
അതേസമയം, മറ്റൊരു വലിയ നേട്ടവും രോഹിത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെയാണ് രോഹിത് പിന്നിലാക്കിയത്. ഇന്നത്തെ ഇന്നിങ്‌സോടെ രോഹിത്തിന്റെ ആവറേജ് 99.84 ആണ്. സ്വന്തം മണ്ണിലെ ഏറ്റവും ഉയര്‍ന്ന ആവറേജ്. നേരത്തെ ഈ റെക്കോര്‍ഡ് ബ്രാഡ്മാന്റെ പേരിലായിരുന്നു. 98.92 ആയിരുന്നു അദ്ദേഹത്തിന്റെ ആവറേജ്. രോഹിത് സ്വന്തം നാട്ടില്‍ 18 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 1298 റ്ണ്‍സാണ് നേടിയത്. ബ്രാ്ഡ്മാന്‍ സ്വന്തം നാട്ടില്‍ 50 ഇന്നിങ്‌സുകള്‍ കളിച്ച് 4322 റണ്‍സ് നേടിയിട്ടുണ്ട്.