റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ചുറിയിലൂടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് രോഹിത് ശര്‍മ്മ. രണ്ട് അപൂര്‍വ്വ റെക്കോര്‍ഡുകളാണ് രോഹിത് ഇന്ന് സ്വന്തം പേരിലാക്കിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത് സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ മാത്രമാണ്.
വിശാഖപട്ടണം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. 176 ഉം 127 ഉം ആയിരുന്നു സ്‌കോര്‍. രോഹിത് ഇന്ന് തന്റേതാക്കി മാറ്റിയ മറ്റൊരു റെക്കോര്‍ഡ് സിക്‌സുകളുടെ എണ്ണത്തിലാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. 17 സിക്‌സുകളാണ് പരമ്പരയില്‍ ഇതുവരെ രോഹിത് നേടിയത്.
ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റില്‍ രോഹിത് 2000 റണ്‍സ് പിന്നിട്ടു. സെഞ്ചുറികളുടെ എണ്ണം ആറായി. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ രോഹിത്തും രഹാനെയും ചേര്‍ന്നാണ് പിടിച്ചുയര്‍ത്തിയത്. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ മൂന്നിന് 205 എന്ന നിലയിലായിരുന്നു.
നേരത്തെ ടീം സ്കോർ 39ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരും കൂടാരം കയറിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ തന്നെ അക്കൗണ്ട് തുറക്കാതെ പൂജാരയും മടങ്ങി. റബാഡയാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. പൂനെയിൽ ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ വിരാട് കോഹ്‌ലിക്കും ഇന്ന് തിളങ്ങാനായില്ല.