റാഞ്ചി: മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം താരമായത് റാഞ്ചിക്കാരന്‍ ഷഹ്ബാസ് നദീമാണ്. ഇന്ന് വീണ രണ്ട് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റും നദീമിന്റെ പേരിലാണ്. ഇതിലൊന്ന് അതിസാഹസികമായൊരു ക്യാച്ചായിരുന്നു.
അവസാന ബാറ്റ്‌സ്മാനായ ലുങ്കി എന്‍ഗിഡിയെ പുറത്താക്കാനായി നദീം എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്തൊരു ക്യാച്ചായിരുന്നു അത്. ഡിബ്രുയിന് പുറത്തായപ്പോഴായിരുന്നു എന്‍ഗിഡി ക്രീസിലെത്തിയത്. ആദ്യ പന്തില്‍ നദീമിനെ എന്‍ഗിഡി ആക്രമിച്ചു.
എന്നാല്‍ പന്ത് കണക്ട് ചെയ്യുന്നതില്‍ എന്‍ഗിഡിയ്ക്ക് പാളി. ഇതോടെ പന്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന നോര്‍ച്ചിന്റെ ദേഹത്ത് കൊണ്ടു. നോര്‍ച്ചിന്റെ തോളില്‍ കൊണ്ട് തെറിച്ച പന്ത് നദീം അനായാസം ക്യാച്ച് ചെയ്തു. നദീമിന്റെ അപ്പീലില്‍ അമ്പയര്‍ ഔട്ടും വിധിച്ചു.
— Utkarsh Bhatla (@UtkarshBhatla) October 22, 2019
ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യൻ ജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും.
Also Read: കോഹ്‌ലിപ്പടയെ അഭിനന്ദിക്കാന്‍ ‘റാഞ്ചിയുടെ രാജാവ്’ എത്തി; ലോക്കല്‍ ബോയ് നദീമിന് ധോണിയുടെ ടിപ്പ്
രണ്ടാം ഇന്നിങ്സ് ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലായിരുന്നു. നാലാം ദിനം കളി തുടങ്ങി വെറും ഒരു റൺ നേടുന്നതിനിടയിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റും ഇന്ത്യയുടെ ചുണക്കുട്ടികൾ എറിഞ്ഞിട്ടു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് വെറും 133 റൺസിൽ അവസാനിച്ചു.