കരിയറിലെ ആദ്യ സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റി മായങ്ക് അഗര്‍വാള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം തന്റേതാക്കി മാറ്റിയിരിക്കുകയാണ് മായങ്ക്. രോഹിത് ശര്‍മ്മയുടെ പുറത്താകലിനുശേഷം ബാറ്റിങ്ങിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മായങ്ക് മറുവശത്ത് വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും അതിവേഗം തിരിച്ചു നടന്നപ്പോഴും യാതൊരു കൂസലുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന 23-ാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്. നേരത്തെ 176 റണ്‍സുമായി രോഹിത് ശര്‍മ്മ പുറത്താകുന്നതോടെയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകരുന്നത്. ഒന്നാം വിക്കറ്റില്‍ 317 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു മായങ്കിന്റെ അരങ്ങേറ്റം. അവിടെ നിന്നും ഇന്നത്തെ മത്സരത്തിലേക്ക് മായങ്കിന് വേണ്ടി വന്നത് വെറും അഞ്ച് ടെസ്റ്റുകള്‍ മാത്രമാണ്. അരങ്ങേറ്റ മത്സരത്തില്‍ 77 റണ്‍സ് നേടി ക്രിക്കറ്റ് ലോകത്തിന് വരാനിരിക്കുന്ന പൂരത്തിന്റെ മുന്നറിയിപ്പ് നല്‍കിയ മായങ്ക് ഇന്നു തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുന്നു. 204 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ മായങ്ക് 358-ാം പന്തിലാണ് 200 എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിനിടെ അഞ്ച് സിക്‌സും 22 ഫോറും നേടി.

Read More: ടെസ്റ്റിലും ഹിറ്റ്‌മാൻ സൂപ്പർഹിറ്റ്; രോഹിത് വീണതു ഡബിള്‍ സെഞ്ചുറിക്കു തൊട്ടരികെ

ഡബിള്‍ സെഞ്ചുറിയില്‍ നിന്നും ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് മായങ്കിന് കുതിക്കാനാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും 371-ാം പന്തില്‍ മയങ്ക് പുറത്തായി. 215 റണ്‍സെടുത്ത മായങ്കിനെ ഡീന്‍ എല്‍ഗര്‍ പുറത്താക്കി. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അരികിലെത്തി അഭിനന്ദനം അറിയിച്ചാണ് മായങ്കിനെ യാത്രയാക്കിയത്. അപ്പോള്‍ സ്‌കോര്‍ 436 ലെത്തി നില്‍ക്കുകയായിരുന്നു.

ഇന്നത്തെ പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് മായങ്ക്. വിരേന്ദര്‍ സെവാഗിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് മായങ്ക്. ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍ മായങ്കിന്റെ സ്ഥാനം മൂന്നാമത്. കരുണ്‍ നായരുടെ 303, വിനോദ് കാംബ്ലിയുടെ 224 എന്നിവയാണ് മുന്നിലുള്ളത്. കരുണ്‍ നായര്‍ക്കും വിനോദ് കാംബ്ലിയ്ക്കും ദിലീപ് സര്‍ദേശായിക്കും ശേഷം കന്നി സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റിയ നാലാമത്തെ ബാറ്റ്‌സ്മാനാണ് മായങ്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook