scorecardresearch
Latest News

വിജയലക്ഷ്യത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ; തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി

വിജയലക്ഷ്യത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ; തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക

വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ട് ഇന്ത്യ. 395 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍പില്‍ വച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സിനിടെ ഒരു വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജയാണ് വിക്കറ്റ് സ്വന്തമാക്കിയത്.

ഒരു ദിവസം മാത്രം ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ ഒൻപത് വിക്കറ്റുകളും വീഴ്ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണമെങ്കിൽ 384 റൺസ് കൂടി എടുക്കണം. അവസാന ദിനം സ്‌പിന്നിനെ തുണയ്ക്കാൻ സാധ്യതയുള്ള പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരെ കറക്കി വീഴ്ത്താനാണ് ഇന്ത്യ ശ്രമിക്കുക.

Read Also: അജിങ്ക്യ രഹാനെ അച്ഛനായി, ആശംസകളുമായി ഹർജൻ സിങ്

ഒന്നാം ഇന്നിങ്‌സില്‍ 71 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 ആയപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടി. 149 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും പത്ത് ഫോറുകളും അടക്കം 127 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ചേതേശ്വര്‍ പൂജാര 81 റണ്‍സ് നേടി.

നേരത്തെ ദക്ഷിണാഫ്രിക്ക 431 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 502 റൺസ് നേടിയിരുന്നു. 385-8 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നു കളി ആരംഭിച്ചത്. ഇന്നത്തെ രണ്ട് വിക്കറ്റും അശ്വിനാണ് നേടിയത്. ഇതോടെ അശ്വിന്റെ വിക്കറ്റ് നേട്ടം ഏഴായി.

ഒമ്പതു റണ്‍സെടുത്ത കേശവ് മഹാരാജിനേയും 15 റണ്‍സെടുത്ത കഗിസോ റബാഡയേയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു നഷ്ടമായത്. ഏഴു വിക്കറ്റെടുത്ത അശ്വിന്‍ തന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്. 27-ാം തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

Also Read: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

ഓപ്പണര്‍ ഡീന്‍ എല്‍ഗറും ക്വിന്റണ്‍ ഡികോക്കും സെഞ്ചുറി നേടിയതോടെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിരുന്നു. ഈ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചു വരവിന് കളമൊരുക്കിയത്.

ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ 287 പന്തുകളില്‍ നിന്നും 160 റണ്‍സ് നേടി. നായകന്‍ ഫാഫ് ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി നേടി പുറത്തായി. 55 റണ്‍സാണ് നായകന്റെ സമ്പാദ്യം. പിന്നാലെ വന്ന ഡികോക്ക് എല്‍ഗറില്‍ നിന്നും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. 163 പന്തുകള്‍ നേരിട്ട ഡികോക്ക് 111 റണ്‍സ് നേടി.

Also Read: സൂക്ഷിച്ച് നോക്കണ്ടാ, ഞാന്‍ തന്നെയാണ്; പന്തിനെ കേക്കില്‍ കുളിപ്പിച്ച് കോഹ്‌ലിയും സംഘവും

ഇന്ത്യയ്ക്കായി സ്പിന്നര്‍ അശ്വിന്‍ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുമായി അശ്വിന് പിന്തുണ നല്‍കി. ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്നിന് 39 എന്ന നിലയില്‍ നിന്നുമാണ് ദക്ഷിണാഫ്രിക്ക ഇന്നലെ കളി ആരംഭിച്ചത്. തുടക്കത്തില്‍ തെംബ നഷ്ടമായെങ്കിലും നായകനും എല്‍ഗറും ചേര്‍ന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഡികോക്കും എല്‍ഗറും കൂടിച്ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക നില മെച്ചപ്പെടുത്തി. സഖ്യം 174 റണ്‍സ് നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs sa live score updates aswin takes seven wickets303905