സംശയിച്ചവര്‍ക്കും വിമര്‍ശകര്‍ക്കുമെല്ലാം ഇനി വിശ്രമിക്കാം. ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെക്കുറിച്ചുണ്ടായ എല്ലാ സംശയങ്ങള്‍ക്കും ശക്തമായി മറുപടി നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ രോഹിത് അര്‍ധ സെഞ്ചുറി കടന്നിട്ടുണ്ട്.

ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. രോഹിത് ശര്‍മ്മ 84 പന്തുകളില്‍ നിന്നും 52 റണ്‍സാണ് ആദ്യ സെഷനില്‍ നേടിയത്. മയങ്ക് അഗര്‍വാള്‍ 96 പന്തുകള്‍ നേരിട്ട് 39 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 91 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാർക്കു മേല്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം നേടിക്കഴിഞ്ഞിട്ടുണ്ട്.

Read More: ടോസ് ഇന്ത്യയ്ക്ക്, ആദ്യം ബാറ്റ് ചെയ്യും; ഓപ്പണറായി രോഹിത് ശര്‍മ്മ

ടെസ്റ്റ് പരമ്പരയ്ക്ക് ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നതു രോഹിത് ശര്‍മ്മയെ കുറിച്ചായിരുന്നു. ഏകദിനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ഓപ്പണറുമാണ് രോഹിത്. എന്നാല്‍ ടെസ്റ്റില്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചിട്ടില്ല. മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് രോഹിത് ഇതുവരെ ടെസ്റ്റിന് ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള തീരുമാനം തെല്ലൊന്ന് അമ്പരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

അതേസമയം, വിരാട് കോഹ്‌ലിക്ക് രോഹിത്തിലുള്ള വിശ്വാസത്തിന്റെ കൂടി വിജയമാണിത്. ഇന്നലെ നായകന്‍ രോഹിത്തിന് പിന്തുണയുമായി എത്തിയിരുന്നു. രോഹിത്തിന്റെ കാര്യത്തില്‍ ഒരു തിരക്കും കാണിക്കില്ലെന്നും അവനു സ്വന്തം കളി മനസിലാക്കാനുള്ള സമയം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു.

രോഹിത് സ്വന്തം ശൈലിയില്‍ ടെസ്റ്റിലും കളിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യക്ക് ലോകത്ത് മറ്റൊരു ടീമിനും അവകാശപ്പെടാന്‍ സാധിക്കാത്ത ബാറ്റിങ് ഓര്‍ഡര്‍ ലഭിക്കുമെന്നും നായകന്‍ പറഞ്ഞു. ടെസ്റ്റില്‍ സാക്ഷാല്‍ വിരേന്ദര്‍ സെവാഗിന്റെ ശൈലിയോടാണു രോഹിത്തിന്റെ ശൈലിയെ വിരാട് താരതമ്യം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook