സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ 305 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടമായി. 94-4 എന്ന നിലയിലാണ് ആതിഥേയര്‍ കളി അവസാനിപ്പിച്ചത്. 52 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന നായകന്‍ ഡീന്‍ എല്‍ഗര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയത്. എയിഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്സണ്‍ (17), വാന്‍ ഡര്‍ ഡസന്‍ (11), കേശവ് മഹരാജ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആറ് വിക്കറ്റുകള്‍ക്ക് അവശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 211 റണ്‍സ് വേണം. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ തോല്‍വി ഒഴിവാക്കുകയായിരിക്കും എല്‍ഗറിന് മുന്നിലുള്ള ലക്ഷ്യം.
നേരത്തെ 130 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സിന് പുറത്തായി. 34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീതം നേടിയ കഗീസോ റബാഡയും, മാര്‍ക്കൊ ജാന്‍സണുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
16-1 എന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 34 ല്‍ നില്‍ക്കെയാണ് ഷാര്‍ദൂല്‍ താക്കൂറിനെ നഷ്ടമായത്. പിന്നീടുണ്ടായ ഒരു വിക്കറ്റില്‍ പോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. 23 റണ്‍സുമായി നിന്ന കെ. എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി മടക്കിയതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്.
നായകന്‍ വിരാട് കോഹ്ലി (18), ചേതേശ്വര്‍ പൂജാര (16) എന്നിവര്‍ ഒരിക്കല്‍കൂടി ദയനീയമായി മടങ്ങി. എന്നാല്‍ അജിങ്ക്യ രഹാനെയും റിഷഭ് പന്തും സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. 23 പന്തില്‍ 20 റണ്‍സെടുത്ത രഹാനയെ ജാന്‍സണും 34 പന്തില്‍ 34 റണ്‍സെടുത്ത പന്തിനെ റബാഡയുമാണ് പുറത്താക്കിയത്.
വാലറ്റത്തിന് ആദ്യ ഇന്നിങ്സിലെ പോലെ തന്നെ കാര്യമായ സംഭാവ നല്‍കാന്‍ കഴിഞ്ഞില്ല. രവിചന്ദ്രന്‍ അശ്വിന്‍ (14), മുഹമ്മദ് ഷമി (1), ജസ്പ്രിത് ബുംറ (7*), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് സ്കോറുകള്‍. റബാഡയ്ക്കും ജാന്‍സണും പുറമെ എന്‍ഗിഡി രണ്ട് വിക്കറ്റുകള്‍ നേടി.
Also Read: 2023 ലെ ആഷസ്, ഇന്ത്യയിലൊരു പരമ്പര ജയം; വിരമിക്കുന്നതിനു മുൻപുള്ള വാർണറുടെ ലക്ഷ്യങ്ങൾ