സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ തുടര്‍ന്ന ആതിഥേയര്‍ 197 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബോളങ് നിരയില്‍ തിളങ്ങിയത്. ഷമിക്ക് പുറമെ ജസ്പ്രിത് ബുംറ, ഷര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. 52 റണ്‍സ് നേടിയ ടെമ്പ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കെ. എല്‍. രാഹുല്‍ (5), ഷാര്‍ദൂല്‍ താക്കൂര്‍ (4) എന്നിവരാണ് ക്രീസില്‍. നിലവില്‍ ഇന്ത്യയ്ക്ക് 146 റണ്‍സിന്റെ ലീഡാണുള്ളത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്ത്. മൂന്നാം ദിനം 55 റണ്‍സ് ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. ആറ് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയും, മൂന്ന് വിക്കറ്റ് നേടിയ കഗീസോ റബാഡയുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 123 റണ്‍സ് നേടിയ ഓപ്പണര്‍ കെ. എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍.
272-3 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച ഇന്ത്യയ്ക്ക് കേവലം ആറ് റണ്‍സ് ചേര്‍ക്കുന്നതിനിടെ രാഹുലിനെ നഷ്ടമായി. റബാഡയുടെ പന്തില്‍ ഡീ കോക്കിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുല്‍ മടങ്ങിയത്. അര്‍ദ്ധ സെഞ്ചുറിയ്ക്ക് രണ്ട് റണ്‍സ് അകലെ രഹാനയും പുറത്തായി. എന്‍ഗിഡിയായിരുന്നു രഹാനയെ മടക്കിയത്. 102 പന്തിലാണ് താരം 48 റണ്‍സ് നേടിയത്.
പിന്നീടെത്തിയ റിഷഭ് പന്ത് (8), രവിചന്ദ്രന്‍ അശ്വിന്‍ (4), ഷാര്‍ദൂല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. 17 പന്തില്‍ 14 റണ്‍സ് നേടിയ ജസ്പ്രിത് ബുംറയാണ് മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ടോപ് സ്കോറര്‍. നാല് റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. മാര്‍ക്കൊ ജാന്‍സണാണ് റബാഡയ്ക്കും എന്‍ഗിഡിക്കും പുറമെ വിക്കറ്റ് നേടിയത്.
മൂന്ന് വിക്കറ്റ് നഷ്ടമായതിന് ശേഷം ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. 1997-98 ല്‍ ശ്രീലങ്കയ്ക്കെതിരെ 41 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടമായതാണ് ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ച. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 49 റണ്‍സെടുക്കുന്നതിനിടെയാണ് കോഹ്ലിയും സംഘവും സമാന രീതിയില്‍ വീണത്.
Also Read: സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് സഹോദരൻ