സെഞ്ചൂറിയണ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിലെ കളി മഴമൂലം ഉപേക്ഷിച്ചു. ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ ഇന്ത്യ 272-3 എന്ന നിലയിലാണ്. 122 റണ്‍സുമായി കെ. എല്‍. രാഹുലും 40 റണ്‍സുമായി അജിങ്ക്യ രഹാനയുമാണ് ക്രീസില്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന് വിരാട് കോഹ്ലിയുടെ തീരുമാനം ശരി വയ്ക്കുന്നതായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം. മായങ്കും രാഹുലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 117 റണ്‍സാണ് ചേര്‍ത്തത്.123 പന്തില്‍ 60 റണ്‍സെടുത്തായിരുന്നു മായങ്ക് മടങ്ങിയത്. ഒന്‍പത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ലുങ്കി എന്‍ഗിഡിയാണ് വലം കൈയന്‍ ബാറ്ററെ പുറത്താക്കിയത്.
പിന്നാലെ എത്തിയ പൂജാര നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്‍ഗിഡി തന്നെയാണ് പൂജാരയേയും പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാര മോശം ഫോം തുടരുകയാണ്. ഒരിക്കല്‍കൂടി പരാജയപ്പെട്ടതോടെ ബാറ്റിങ് നിരയില്‍ ആശങ്കകള്‍ വര്‍ധിക്കുകയാണ്. പൂജാര മടങ്ങിയെങ്കിലും കോഹ്ലിയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ നയിച്ചു.
അനാവശ്യ പന്തില്‍ ബാറ്റ് വച്ചായിരുന്നു കോഹ്ലിയുടെ പുറത്താകല്‍. ഒരിക്കല്‍ കൂടി കിട്ടിയ തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ നായകന് മടങ്ങി. 94 പന്തില്‍ 35 റണ്‍സായിരുന്നു സമ്പാദ്യം. നാല് ഫോറുകളും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. അഞ്ചാമനായിറങ്ങിയ രഹാനെ പിന്നീട് രാഹുലിന് മികച്ച പിന്തുണ നല്കി.
ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ രഹാനെയ്ക്ക് മികച്ച ഇന്നിങ്സ് കാഴ്ച വച്ചെ മതിയാകു. 81 പന്തില്‍ നിന്ന് 40 റണ്‍സെടുത്താണ് താരം പുറത്താകാതെ നില്‍ക്കുന്നത്. 248 പന്തുകള്‍ നേരിട്ട രാഹുല്‍ 16 ബൗണ്ടറികളുടേയും ഒരു സിക്സിന്റേയും അകമ്പടിയോടെയാണ് 122 റണ്‍സ് നേടിയത്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും എന്‍ഗിഡിയാണ് സ്വന്തമാക്കിയത്.
Also Read: തൃപ്തി നല്‍കാത്ത സമനിലകളുമായി ബ്ലാസ്റ്റേഴ്സ് മുന്നോട്ട്