വിശാഖപട്ടണം: ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ വെല്ലുവിളിച്ച ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. ഓപ്പണര്‍ ഡീന്‍ എല്‍ഗറും ക്വിന്റണ്‍ ഡികോക്കും സെഞ്ചുറി നേടിയതോടെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ 287 പന്തുകളില്‍ നിന്നും 160 റണ്‍സ് നേടി. നായകന്‍ ഫാഫ് ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി നേടി പുറത്തായി. 55 റണ്‍സാണ് നായകന്റെ സമ്പാദ്യം. പിന്നാലെ വന്ന ഡികോക്ക് എല്‍ഗറില്‍ നിന്നും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. 163 പന്തുകള്‍ നേരിട്ട ഡികോക്ക് 111 റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ കേശവ് മഹാരാജും സെനുരന്‍ മുത്തുസാമിയുമാണ് ക്രീസിലുള്ളത്.

Also Read: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

ഇന്ത്യയ്ക്കായി സ്പിന്നര്‍ ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് നേടി. രവീന്ദ്രജഡേജ രണ്ട്ു വിക്കറ്റുമായി അശ്വിന് പിന്തുണ നല്‍കി. ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്നിന് 39 എന്ന നിലയില്‍ നിന്നുമാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളി ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ തെംബ നഷ്ടമായെങ്കിലും നായകനും എല്‍ഗറും ചേര്‍ന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പിന്നാലെ ഡികോക്കും എല്‍ഗറും കൂടിച്ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക നില മെച്ചപ്പെടുത്തി. സഖ്യം 174 റണ്‍സ് നേടി. എല്‍ഗറിന്റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഡികോക്കിന്റെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് പിറന്നത്.

Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook