മൊഹാലി: ക്യാച്ചുകളുടെ രാവായി മാറുകയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും മനോഹര ക്യാച്ചുകളിലൂടെ കൈയ്യടി നേടിയപ്പോള്‍ ഇന്ത്യ ബാറ്റിങ്ങിനെത്തിയപ്പോള്‍ അത്ഭുതക്യാച്ചിലൂടെ ഡേവിഡ് മില്ലര്‍ മൊഹാലിയെ ഞെട്ടിച്ചത്.

ഇന്ത്യന്‍ ഇന്നിംഗ്സിലെ 12-ാം ഓവറിലെ നാലാം പന്തില്‍ സ്പിന്നര്‍ ഷംസിയെ ഉയര്‍ത്തടിക്കാനുള്ള ശ്രമത്തിലായിരുന്നു ധവാന്‍. എന്നാല്‍ ബൗണ്ടറിലൈനിനരികെ നിന്ന് പറന്നെത്തിയ മില്ലര്‍ വലത്തോട്ട് പറന്ന് ഒറ്റകൈയില്‍ പന്ത് കോരിയെടുത്തു. ക്യാച്ച് കണ്ട് ശിഖര്‍ ധവാന് വിശ്വസിക്കാനായില്ല. അത്ഭുത ക്യാച്ച് കണ്ടതിന്റെ അമ്പരപ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മുഖത്തും പ്രകടമായിരുന്നു.

ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. വിരാടിന്റേയും ശിഖര്‍ ധവാന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. വിരാട് 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തില്‍ 40 റണ്‍സെടുത്താണ് ശിഖര്‍ ധവാന്‍ പുറത്താകുന്നത്. രോഹിത് 12 റണ്‍സും പന്ത് നാല് റണ്‍സുമാണെടുത്തത്. ശ്രേയസ് അയ്യര്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 149 റണ്‍സാണ് നേടിയത്. നായകനായുള്ള അരങ്ങേറ്റത്തില്‍ ആളിക്കത്തിയ ക്വിന്റണ്‍ ഡികോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയാണ് ഡികോക്ക് പുറത്തായത്.

എട്ട് ഫോറടക്കം 37 പന്തില്‍ 52 റണ്‍സാണ് ഡികോക്ക് നേടിയത്. യുവതാരം ടെംപ ബവുമ 43 പന്തില്‍ 49 റണ്‍സുമായി തകര്‍ത്തടിച്ചു. പിന്നാലെ വന്ന മില്ലര്‍ 18 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ദീപക് ചാഹര്‍ നാല് വിക്കറ്റും നവദീപ് സെയ്നിയും രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook