ജൊഹന്നാസ്ബർഗ്: മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം വാണ്ടറേർസിലെ പിച്ച് കൂടുതൽ അപകടകരമാകുന്ന കാഴ്ചയാണ് കാണുന്നത്. പന്ത് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയത് ഇരുടീമുകൾക്കും തലവേദന സൃഷ്ടിച്ചു. അതേസമയം വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ സംഘത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ബാറ്റ്സ്മാന്മാർ പൊരുതി നിൽക്കുകയാണ്.

ലീഡ് 200 ലേക്ക് ഉയർത്താനാണ് ഇന്ത്യയുടെ ശ്രമം. ചായക്ക് പിരിയുമ്പോൾ അജിങ്ക്യ രഹാനെ (46)യും ഭുവനേശ്വർ കുമാറു(23) മാണ് ക്രീസിൽ. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയിട്ടുണ്ട്. 192 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുളളത്. ഭുവനേശ്വർ കുമാറും രഹാനെയും ഏഴാം വിക്കറ്റിൽ നേടിയ അർദ്ധസെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യക്ക് നേട്ടമായി.

ഇന്ന് ലഞ്ചിന് ശേഷമാണ് ബാറ്റ്സ്മാന്മാർ കൂടുതൽ പ്രതിരോധത്തിലായത്. ബൗൺസറുകൾ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വിരാട് കോഹ്ലിയുടെയും രഹാനെയുടെയും ഹർദ്ദിക് പാണ്ഡ്യയുടെയും കൈയ്യുറയിലും കൈയ്യിലും പന്ത് തട്ടി. ബോളർമാർ പോലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് പിച്ച് പെരുമാറുന്നത്.

പന്ത് പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നതോടെ കീപ്പിംഗിൽ ഡി കോക്ക് കടുത്ത സമ്മർദ്ദത്തിലാണ്. പലപ്പോഴും ഉയർന്ന് പൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാൻ ഡി കോക്കിന് സാധിച്ചില്ല. ഇതോടെ രണ്ടാം ഇന്നിംഗ്സിൽ ഇതുവരെ നാല് പന്തുകൾ ബൗണ്ടറി കടന്നു. 17 റൺസാണ് ഇതുവഴി ഇന്ത്യക്ക് ലഭിച്ചത്.

പന്തിന്റെ ഗതി നിർണ്ണയിക്കാൻ സാധിക്കാതെ വന്നതോടെ രഹാനെ പരാതിയുമായി അംപയർമാരെ സമീപിച്ചു. നിരവധി തവണ അംപയർമാർ പന്ത് ബൗൺസ് ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തി. പിച്ചിന്റെ സ്വഭാവം മനസിലാകാതെ വന്നതോടെ കളിക്കാരുടെ തന്നെ അഭിപ്രായം തേടിയ അംപയർമാരോട് കളി തുടരാമെന്ന് താരങ്ങൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ