ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 49 റണ്‍സ് വിജയം. രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 227 റണ്‍സ് പിന്‍തുടര്‍ന്ന് മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി. 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
228 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്ടമായി.രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരും (1) മടങ്ങി, സൂര്യകുമാര്‍ യാദവ് ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത് പുറത്തായി. ദീപക് ചാഹര്‍ 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സോടെ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ (17), അക്ഷര്‍ പട്ടേല്‍ (9), ആര്‍. അശ്വിന്‍ (2), മുഹമ്മദ് സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഉമേഷ് യാദവ് 17 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയ്ന്‍ പ്രെറ്റോറിയസ് മൂന്നും വെയ്ന്‍ പാര്‍ണല്‍, എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 227 റണ്‍സ് സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ റീലി റൂസോയാണ് ദക്ഷിണാഫ്രിക്കന്‍നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ ഡി കോക്കിന്റെ ഇന്നിംഗ്‌സും നിര്‍ണായകമായി.
ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ കരുതലോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാമത്തെ ഓവറില്‍ ക്യാപ്റ്റന്‍ തെംമ്പ ബവൂമയെ(3) നഷ്ടമായി ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. എന്നാല്‍ മറുവശത്ത് ക്വിന്റണ്‍ ഡി കോക്ക് നില ഉറപ്പിക്കുകയായിരുന്നു. ക്രീസിലെത്തിയ റീലി റൂസോയുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി.
സ്‌കോര്‍ 120 റണ്‍സിലെത്തിയപ്പോഴാണ് ഡി കോക്ക് മടങ്ങിയത്.43 പന്തില്‍ നിന്ന് അര്‍ധശതകത്തോടെ 68 റണ്‍സ് നേടിയ താരം റണ്ണൗട്ടിലൂടെയാണ് പുറത്തായത്. ശേഷം ക്രീസിലെത്തിയ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് റൂസോ സ്‌കോറിംഗ് വേഗം കൂട്ടി. 48 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ സ്‌കോറിങ് വേഗം കൂട്ടാനായത്. അവാസന ഓവറിന്റെ രണ്ടാം പന്തിലാണ് സ്റ്റബ്‌സ് പുറത്തായതോടെയാണ് ഈ മികച്ച കൂട്ടുകെട്ട് അവസാനിച്ചത്. 18 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയാണ് താരം പുറത്തായത്. ദീപക് ചഹറിനായിരുന്നു വിക്കറ്റ്. ഇന്ത്യക്ക് വേണ്ടി ദീപക് ചഹര്‍, ഉമേഷ് യാദവ്, എന്നിവര്‍ ഓരോ വിക്കറ്റ് നേടി.