ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ദക്ഷിണാഫ്രിക്ക വിജയിച്ചു. ഇതോടെ 3-0ന് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. 288 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് പുറത്താവുകയായിരുന്നു.
84 പന്തിൽ നിന്ന് 65 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കോഹ്ലിക്ക് പുറമെ ശിഖർ ധവാനും ദീപക് ചാഹറും അർദ്ധ സെഞ്ചുറി നേടി. ദീപക് ചാഹർ 34 പന്തിൽ നിന്ന് 54 റൺസ് നേടി. ശിഖർ ധവാൻ 73 പന്തിൽ നിന്ന് 61 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ രാഹുൽ 10 പന്തിൽ നിന്ന് ആറ് റൺസ് മാത്രം എടുത്ത് പുറത്തായി. റിഷഭ് പന്ത് ആദ്യ പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ശ്രേയസ്സ് അയ്യർ-26, സൂര്യകുമാർ യാദവ്-39, ജയന്ത് യാദവ് -രണ്ട്, ബുംറ-12, യൂസ്വേന്ദ്ര ചാഹൽ-രണ്ട്, പ്രസിദ്ധ് കൃഷ്ണ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡിയും ആൻഡീ ഫെഹ്ലുക്വായോയും മൂന്ന് വീതം വിക്കറ്റ് നേടി. ഡ്വെയ്ൻ പ്രിറ്റോറിയസ് രണ്ട് വിക്കറ്റെടുത്തു. കേശവ് മഹാരാജും സിസാന്ത മഗലയും ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 287 റൺസെടുത്ത് പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണഞ ക്വിന്റൺ ഡികോക്ക് സെഞ്ചുറി നേടി. 130 പന്തിൽ 12 ഫോറും രണ്ട് സിക്സും അടക്കം 124 റൺസാണ് ഡി കോക്ക് നേടിയത്. റാസീ വാൻഡെർ സസൻ അർദ്ധ സെഞ്ചുറി നേടി. 59 പന്തിൽ 52 റൺസാണ് വാൻഡെർ സസൻ നേടിയത്.
ജാന്നിമാൻ മസലൻ ഒരു റണ്ണെടുത്തും കാപ്റ്റൻ ടെംബ ബൗമ എട്ട് റൺസെടുത്തും പുറത്തായി. എയ്ഡൺ മർക്രം 15 റൺസെടുത്തു. ഡേവിഡ് മില്ലർ 39 റൺസും ഡ്വെയ്ൻ പ്രിട്ടോറിയസ് 20 റൺസും നേടി. ആൻഡീ ഫെഹ്ലുക്വായോ നാല് റൺസും കേശവ് മഹാരാജ് ആറ് റൺസു നേടി.
ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. ദീപക് ചാപറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തു. യൂസ്വേന്ദ്ര ചാഹൽ ഒരു വിക്കറ്റെടുത്തു.