സെഞ്ചൂറിയൻ: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സെഞ്ചൂറിയൻ മൈതാനത്ത് തുടക്കമാകും. ബോളിങ്ങിന് വളരെയേറെ അനുകൂലമായ പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ പ്രതിരോധിക്കാനാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ ശ്രമം. മികച്ച സ്കോർ ലക്ഷ്യമിട്ടാവും ഇന്ത്യ ഇന്നിറങ്ങുക.

അതേസമയം ടോസ് നേടിയാൽ ഇരുടീമുകളും ബോളിങ്ങാവും തിരഞ്ഞെടുക്കുക എന്ന് റിപ്പോർട്ടുണ്ട്. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ എതിരാളിയെ കുറഞ്ഞ സ്കോറിന് പുറത്താക്കി മാനസികമായി മേൽക്കൈ നേടുകയെന്നാവും ഇരു ടീമുകളുടെയും ലക്ഷ്യം.

അതേസമയം സെഞ്ചൂറിയൻ മൈതാനത്ത് നടന്ന 22 ടെസ്റ്റുകളിൽ 17 ലും ദക്ഷിണാഫ്രിക്കയാണ് വിജയിച്ചിട്ടുളളത്. 8 ടെസ്റ്റുകളിൽ ഇന്നിങ്സ് ജയമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. കേപ് ടൗണിലേക്കാൾ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് തങ്ങളുടെ മികവ് പുറത്തുകാട്ടിയേ മതിയാകൂ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് ലീഡ് പിന്തുടർന്ന ഇന്ത്യ 135ല്‍ എല്ലാവരും പുറത്തായി.

രണ്ടാം ടെസ്റ്റ് ഇന്നുച്ചയ്ക്ക് രണ്ട് മണി മുതൽ നടക്കും. അതേസമയം ടീമിൽ മാറ്റങ്ങളുണ്ടാകുമോയെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ