പാൾ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടു മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ഇന്ത്യ പടുത്തുയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.
ജന്നെമാന്‍ മലാന് (91), ക്വിന്റണ്‍ ഡി കോക്ക് (78) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റില്‍ 132 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശാർദൂൽ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും മത്സരം അപ്പോഴേക്കും ദക്ഷിണാഫ്രിക്കയുടെ കൈകളിൽ ആയിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടെംബ ബവൂമയും (35) നന്നായി കളിച്ചു. മലാനൊപ്പം 80 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 200 കടത്തി.
എന്നാല്‍ സ്കോര്‍ 212ല്‍ നില്‍ക്കേ മലാനെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ബവൂമയെ യൂസ്വേന്ദ്ര ചാഹലും ഉടൻ പുറത്താക്കി. എന്നാല്‍ പിന്നീടെത്തിയ എയ്ഡന്‍ മാര്‍ക്രം (37) റാസി വന്‍ ഡര് ഡസ്സന് (37) സഖ്യം ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷകളും തല്ലിക്കെടുത്തി ആതിഥേയരെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അർധസെഞ്ചുറി നേടിയ ഋഷഭ് പന്തും (85) ക്യാപ്റ്റൻ കെ.എൽ രാഹുലും (55) വാലറ്റത്ത് പൊരുതിയ ശാർദൂൽ ഠാക്കൂറുമാണ് (പുറത്താവാതെ 40) ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ.രാഹുലും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 38 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ധവാനെ മടക്കി മാർക്രം ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നൽകി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്ലിയെ റൺസെടുക്കും മുൻപേ ടെംബ ബാവുമയുടെ കൈകളിലെത്തിച്ച് കേശവ് മഹാരാജ് ഇന്ത്യയ്ക്ക് അടുത്ത തിരിച്ചടിയും നൽകി.
പിന്നീട് കോഹ്ലിയ്ക്ക് പകരം ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേർന്ന് രാഹുൽ ടീം സ്കോർ 150 കടത്തി. പിന്നാലെ 43 പന്തുകളിൽ നിന്ന് ഋഷഭ് പന്ത് അർധസെഞ്ചുറിയും നേടി. ഒരുവശത്ത് പന്ത് ആക്രമിച്ചു കളിച്ചപ്പോൾ മറുവശത്ത് ശ്രദ്ധയോടെ ബാറ്റുവീശിയ രാഹുൽ 71 പന്തുകളിൽ നിന്നാണ് അർധസെഞ്ചുറി കുറിച്ചത്.
എന്നാൽ ക്യാപ്റ്റന്റെ ആ ഇന്നിങ്സിന് അധികം ആയുസുണ്ടായിരുന്നില്ല, രാഹുലിനെ വാൻ ഡ്യൂസന്റെ കൈകളിലെത്തിച്ച് സിസാൻഡ മലാഗ ആ കൂട്ടുകെട്ട് തകർത്തു. 79 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 55 റൺസായിരുന്നു സമ്പാദ്യം. ക്യാപ്റ്റന്‍ പിന്നാലെ പന്തിന്റെ വിക്കറ്റും വീഴ്ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. 71 പന്തുകളിൽ നിന്ന് പത്ത് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 85 റൺസെടുത്ത പന്തിനെ തബ്റൈസ് ഷംസി എയ്ഡൻ മാർക്രത്തിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (11) റൺസ് കണ്ടെത്തുന്നതിൽ വീണ്ടും പരാജയപ്പെട്ടു. ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ 22 റൺസെടുത്ത വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തിൽ മിന്നൽ സ്റ്റംപിങ്ങിലൂടെ ഡി കോക്ക് പുറത്താക്കി. എന്നാൽ അതിനുശേഷം ക്രീസിലെത്തിയ ശാർദൂൽ ഠാക്കൂറും രവിചന്ദ്ര അശ്വിനും കരുതി കളിച്ച് ഇന്ത്യയെ 287 എന്ന സുരക്ഷിത സ്കോറിൽ എത്തിക്കുകയായിരുന്നു.