വെല്ലിങ്ടൺ: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ആതിഥേയർക്ക് 253 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 49.5 ഓവറിൽ 252 റൺസെടുക്കാനെ സാധിച്ചുള്ളു. മുൻ നിര ബാറ്റിങ് തകർന്നടിഞ്ഞടുത്ത് മധ്യനിര ഇന്ത്യൻ രക്ഷയ്ക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിൽ പാണ്ഡ്യ വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ വൻനാണക്കേടിൽ നിന്നും കരകയറി.

ഇന്ത്യൻ ബാറ്റിങ് നിരയുടെ മുൻനിര തകർന്നടിഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമ്മ മുതൽ മുൻ നായകൻ എംഎസ് ധോണി വരെ നാല് പേർ പത്തോവർ പൂർത്തിയാകും മുൻപ് ബാറ്റ് വച്ച് മടങ്ങി. അഞ്ചാം റായുഡുവിന്റെയും വിജയ് ശങ്കറിന്റെയും പരിശ്രമത്തിൽ പൊരുതിയ ഇന്ത്യ ക്രീസിൽ നിലയുറപ്പിച്ചു. അർദ്ധസെഞ്ചുറിയ്ക്ക് തൊട്ടരികിൽ വിജയ് ശങ്കർ പുറത്തായെങ്കിലും കേദാർ ജാദവിനൊപ്പം ചേർന്ന് റായ്ഡു ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. 90 റൺസിൽ റായിഡുവും പുറത്ത്.

പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ കിവികളെ നിരന്തരം ബൗണ്ടറി പറത്തി. ടോഡ് അസ്റ്റിൽ എറിഞ്ഞ 47-ാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകളാണ് പാണ്ഡ്യ അടിച്ചത്. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും പറത്തി 45 റൺസെടുത്ത പാണ്ഡ്യയെ ജിമ്മി നീഷം അവസാന ഓവറിന്റെ ആദ്യ പന്തിൽ ട്രെണ്ട് ബോൾട്ടിന്രെ കൈയ്യിൽ എത്തിയ്ക്കുകയായിരുന്നു.

ആറാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അമ്പാട്ടി റായിഡുവിനൊപ്പം ചേർന്ന് വിജയ് ശങ്കർ തീർത്ത കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. ന്യൂസിലൻഡിന് വേണ്ടി മാട്ട് ഹെൻറി നാല് വിക്കറ്റ് നേടിയപ്പോൾ മൂന്ന് വിക്കറ്റാണ് ട്രെണ്ട് ബോൾട്ട് വീഴ്ത്തിയത്.

താളം കണ്ടെത്താൻ വിഷമിച്ച നായകൻ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. 16 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. മാത്യു ജെയിംസ് ഹെൻറിയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ട്രെന്റ് ബോൾട്ടിനെ സിക്സർ പറത്താനുളള ശ്രമത്തിൽ ധവാനെ മാത്യു ജെയിംസ് ഹെൻറി പിടികൂടി. 13 പന്തിൽ നിന്ന് ഒരു ബൗണ്ടറിയടക്കം ആറ് റൺസാണ് ധവാന്റെ സമ്പാദ്യം. ഗില്ലിനെ ജയിംസിന്റെ പന്തിൽ സാന്റ്‌നർ പിടിച്ചാണ് പുറത്താക്കിയത്. 11 പന്തിൽ നിന്ന് ഏഴ് റൺസായിരുന്നു ഈ യുവതാരത്തിന്റെ സമ്പാദ്യം. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് മുൻ നായകൻ മഹേന്ദ്ര സിങ് ധോണി കൂടാരം കയറിയത്. ആറ് പന്ത് നേരിട്ട അദ്ദേഹം ഒറ്റ റണ്ണാണ് നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ