വെല്ലിങ്ടൺ: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ആതിഥേയർക്ക് ബാറ്റിങ് തകർച്ച. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലൻഡിന് 135 റൺസെടുക്കുന്നതിനിടയിൽ മൂന്ന് ആറ് നിര വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ് കിവികൾ.

സ്കോർബോർഡ് 18ൽ നിൽക്കെ ഓപ്പണർ ഹെൻറി നിക്കോളാസിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 37 റൺസിലെത്തിയപ്പോൾ കോളിൻ മൺറോയുടെ കുറ്റിതെറിപ്പിച്ച് ഷമിയുടെ രണ്ടാം പ്രഹരം. അടുത്ത ഓവറിൽ തന്നെ സൂപ്പർ താരം റോസ് ടെയ്‍ലറെ ഹാർദിക് പാണ്ഡ്യ മടക്കി. 16 റൺസുമായി ജെയിംസ് നീഷമും 3 റൺസ് നേടിയ മിച്ചൽ സാന്റനറുമാണ് ക്രീസിൽ.

നേരത്തെ ഇന്ത്യൻ ഇന്നിങ്സ് 252 റൺസിന് അവസാനിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 49.5 ഓവറിൽ 252 റൺസെടുക്കാനെ സാധിച്ചുള്ളു. മുൻ നിര ബാറ്റിങ് തകർന്നടിഞ്ഞടുത്ത് മധ്യനിര ഇന്ത്യൻ രക്ഷയ്ക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിൽ പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വൻനാണക്കേടിൽ നിന്നും കരകയറ്റിയത്.

ടോഡ് അസ്റ്റിൽ എറിഞ്ഞ 47-ാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകളാണ് പാണ്ഡ്യ അടിച്ചത്. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും പറത്തി 45 റൺസെടുത്ത പാണ്ഡ്യയെ ജിമ്മി നീഷം അവസാന ഓവറിന്റെ ആദ്യ പന്തിൽ ട്രെണ്ട് ബോൾട്ടിന്രെ കൈയ്യിൽ എത്തിയ്ക്കുകയായിരുന്നു.

ആറാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അമ്പാട്ടി റായിഡുവിനൊപ്പം ചേർന്ന് വിജയ് ശങ്കർ തീർത്ത കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. ന്യൂസിലൻഡിന് വേണ്ടി മാട്ട് ഹെൻറി നാല് വിക്കറ്റ് നേടിയപ്പോൾ മൂന്ന് വിക്കറ്റാണ് ട്രെണ്ട് ബോൾട്ട് വീഴ്ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook