scorecardresearch
Latest News

ധോണി ഇല്ലാതെ ഇന്ത്യ; ടോസ് നേടിയ കിവികൾക്ക് ബാറ്റിങ്

കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

ധോണി ഇല്ലാതെ ഇന്ത്യ; ടോസ് നേടിയ കിവികൾക്ക് ബാറ്റിങ്

ബേ ഓവൽ: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും കന്നി ജയം തേടി ന്യൂസിലൻഡും ഇറങ്ങുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പ്. രണ്ടാം ഏകദിനം നടന്ന ബേ ഓവലിൽ തന്നെയാണ് ഇന്നും മത്സരം നടക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലെ മികവ് ആവർത്തിക്കാൻ കഴിഞ്ഞാൽ ഇന്ന് തന്നെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കും. അഞ്ച് ഏകദിനങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സീനിയർ താരം എം.എസ്.ധോണിക്ക് വിശ്രമം അനുവദിച്ചു. അമ്പാട്ടി റയിഡു ടീമിലുൾപ്പെട്ടിട്ടുണ്ട്. ദിനേശ് കാർത്തിക്കാകും വിക്കറ്റിന് പിന്നിൽ ഇന്ന് ഗ്ലൗസണിയുക. ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിൽ സ്ഥാനം നഷ്ടപ്പെട്ടത് യുവ താരം വിജയ് ശങ്കറിനാണ്.

മികച്ച ഫോമിലുള്ള സ്‍പിൻ കൂട്ടുകെട്ടാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും ഇതിനൊടകം ന്യൂസിലൻഡ് പിച്ചിൽ താളം കണ്ടെത്തി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ് നിരയും ശക്തമാണെന്ന് തെളിയിച്ചതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മുൻതൂക്കം ലഭിക്കുന്നു.

അതേസമയം, വെടിക്കെട്ട് ബാറ്റ്സ്മാന്മാർ ഒരുപാട് പേരുണ്ടെങ്കിലും പരമ്പരയിൽ തിളങ്ങാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. സീനിയർ താരം റോസ് ടെയ്‍ലർ നിഴൽ മാത്രമായി ഒതുങ്ങിപോകുന്നതും ന്യൂസിലൻഡിന് വെല്ലുവിളിയാണ്. ബോളിങ് നിരയും റൺ വഴങ്ങുന്നതിൽ പിന്നിലല്ല. ആദ്യ ഏകദിനം എട്ട് വിക്കറ്റിനും രണ്ടാം ഏകദിനം 90 റൺസിനുമാണ് ഇന്ത്യ ജയിച്ചത്.

ഇന്ത്യൻ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs nz 3rd odi new zealand win toss opt to bat