ബേ ഓവൽ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 244 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 49 ഓവറിൽ 243 റൺസിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ റോസ് ടെയ്‍ലറും ടോം ലഥാമുമാണ് കിവീസിനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്.

ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ന്യൂസിലൻഡിന് 59 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ന്യൂസിലൻഡ് ടീം സ്കോർ പത്തിൽ നിൽക്കെ ഓപ്പണർ കോളിൻ മുൻറോയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 13 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ ഭുവനേശ്വർ കുമാറും, നായകൻ കെയ്ൻ വില്യംസണിനെ ചാഹലും പുറത്താക്കുകയായിരുന്നു. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ ചാഹലിന്റെ പന്തിൽ പാണ്ഡ്യക്ക് ക്യാച്ച് നൽകിയാണ് വില്യംസ് പുറത്തായത്.

നാലാം വിക്കറ്റിൽ ടെയ്‍ലറും ലഥാമും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അർധ സെഞ്ചുറി തികച്ചതിന് പിന്നാലെ ലഥാം മടങ്ങിയെങ്കിലും ടെയ്‍ലർ ക്രിസിൽ നിന്നു. 64 പന്തിൽ നിന്ന് 51 റൺസാണ് ലഥാം അടിച്ചത്. ടെയ്‍ലർ 106 പന്തിൽ നിന്ന് 93 റൺസും നേടി. ഇരുവരും പുറത്തായതിന് പിന്നാലെ എത്തിയ താരങ്ങൾക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സീനിയർ താരം എം.എസ്.ധോണിക്ക് വിശ്രമം അനുവദിച്ചു. അമ്പാട്ടി റയിഡു ടീമിലുൾപ്പെട്ടിട്ടുണ്ട്. ദിനേശ് കാർത്തിക്കാണ് വിക്കറ്റിന് പിന്നിൽ ഇന്ന് ഗ്ലൗസണിഞ്ഞത്. ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിൽ സ്ഥാനം നഷ്ടപ്പെട്ടത് യുവ താരം വിജയ് ശങ്കറിനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook