ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബൗളിംഗ് സെൻസേഷൻ ഉമ്രാൻ മാലിക്കിന്റെ അരങ്ങേറ്റമായിരുന്നു ഇന്നലെ. അയർലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ മുഴുവൻ ക്രിക്കറ്റ് ആരാധകരുടെയും കണ്ണുകൾ അവനിലായിരുന്നു, പക്ഷേ തന്റെ അന്താരാഷ്ട്ര കരിയറിന് ഒരു മികച്ച തുടക്കം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇന്നലത്തെ മത്സരത്തിൽ ഒരേയൊരു ഓവർ എറിഞ്ഞ ഉമ്രാൻ 14 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റ് ഒന്നും നേടാനായുമില്ല. മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 109 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷൻ (11 പന്തിൽ 26), ദീപക് ഹൂഡ (29 പന്തിൽ 47 നോട്ടൗട്ട്), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 24) എന്നിവരുടെ പ്രകടനത്തിൽ 9.2 ഓവറിൽ വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു.
അതേസമയം, മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ ഉമ്രാനെ പിന്തുണച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രംഗത്തെത്തി. രണ്ടാം ടി20യിൽ ഉമ്രാന് സ്വയം തെളിയിക്കാൻ മറ്റൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാർദിക് പറഞ്ഞു. “അദ്ദേഹത്തിന് ഇനിയും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാരി (ടെക്റ്റർ) കളിച്ച ചില ഷോട്ടുകൾ എന്നെ വിസ്മയിപ്പിച്ചു. അവൻ ഐറിഷ് ക്രിക്കറ്റ് വികസിപ്പിക്കുകയും വീണ്ടും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ ക്യാപ്റ്റൻ പറഞ്ഞു.
ഉമ്രാൻ മാലിക് ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച ഹാരി ടെക്ടറിലൂടെയാണ് അയർലൻഡ് മികച്ച സ്കോർ കണ്ടെത്തിയത്. 33 പന്തിൽ പുറത്താകാതെ 64 റൺസെടുത്ത ടെക്ടറാണ് മഴയെ തുടർന്ന് 12 ഓവറാക്കി ചുരുക്കിയ കളിയിൽ ടീമിന്റെ സ്‌കോർ നാലിന് 108 എന്ന നിലയിലെത്തിച്ചത്.
“വിജയത്തോടെ പരമ്പര ആരംഭിക്കാനായതിൽ സന്തോഷമുണ്ട്, ഭാഗ്യവശാൽ ഞങ്ങൾക്ക് ഒരു കളി ലഭിച്ചു. ഞങ്ങളുടെ ടീമിന് വിജയത്തോടെ തുടങ്ങേണ്ടത് പ്രധാനമാണ്. ഞാൻ ഉമ്രാനുമായി സംസാരിച്ചിരുന്നു, പഴയ പന്തിൽ അദ്ദേഹത്തിന് കൂടുതൽ എളുപ്പമുണ്ട്, അവർ അതിശയകരമായി ബാറ്റ് ചെയ്തു,” ഹാർദിക് പറഞ്ഞു.
അയർലൻഡിനെതിരായ രണ്ടാം ടി20 ചൊവ്വാഴ്ച ഡബ്ലിനിൽ നടക്കും.
Also Read: കപിൽ ദേവിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാകാൻ ബുംറ