ഒരു ഭാഗത്ത് ടീം ഇന്ത്യ വിജയ വഴിയിലേക്ക് തിരികെ വരുമ്പോള്‍ മറു വശത്ത് ക്യാപ്റ്റന്‍ കോഹ്‌ലി തന്റെ ഉജ്ജ്വല ഫോം തുടരുകയാണ്. ഇതിനിടെ ഒരു റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു. ഏറ്റവും വേഗത്തില്‍ 6000 ടെസ്റ്റ് റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.

119 ഇന്നിങ്‌സിലാണ് കോഹ്‌ലി 6000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിനേക്കാളും വിവിയന്‍ റിച്ചാര്‍ഡ്‌സിനേക്കാളും വേഗത്തിലാണ് വിരാട് ഈ നാഴികക്കല്ല് മറി കടന്നത്. വിരാടിന് മുന്നിലുള്ളത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ്. ഗവാസ്‌കര്‍ 117 ഇന്നിങ്‌സില്‍ നിന്നുമാണ് 6000 നേടിയത്. സച്ചിനും റിച്ചാര്‍ഡ്‌സും 120 ഇന്നിങ്‌സ് എടുത്തിട്ടാണ് 6000 റണ്‍സെടുത്തത്.

തന്റെ 70-ാം ടെസ്റ്റ് കളിക്കുന്ന വിരാട് ബൗണ്ടറിയിലൂടെയാണ് 6000 കടന്നത്. അതേസമയം, ഈ നാഴികക്കല്ല് പിന്നിട്ടതിന്റെ ലോക റെക്കോര്‍ഡ് ഇതിഹാസ താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലാണ്. വെറും 68 ഇന്നിങ്‌സിലാണ് അദ്ദേഹം 6000 നേടിയത്. നേരത്തെ 111 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം കൈവരിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാമതുള്ള ഗാരി സോബേഴ്‌സിനൊപ്പം എത്തിയിരുന്നു.

വിരാടിന്റെ ഇന്നിങ്‌സ് പക്ഷെ 46 റണ്‍സില്‍ അവസാനിച്ചു. സാം കുറാന്റെ പന്തിലാണ് വിരാട് പുറത്തായത്. 70 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 181 റണ്‍സ് എടുത്തിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ