ലണ്ടൻ: മൈതാനത്ത് പുലിക്കുട്ടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായും മികച്ച റെക്കോർഡുകൾ അദ്ദേഹം ഇതിനോടകം നേടിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരെ അവസാനിച്ച ടെസ്റ്റ് പരമ്പര കോഹ്ലിക്ക് അത്ര സന്തോഷിക്കാനുളള വകയല്ല നൽകുന്നത്.
ദ്രാവിഡിന്റെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട പൂജാര, ആദ്യ നാല് ടെസ്റ്റിലും നിരാശപ്പെടുത്തിയ കെ.എൽ.രാഹുൽ, അജിങ്ക്യ രഹാനെ, ധവാൻ തുടങ്ങിയ താരങ്ങൾക്കൊന്നും ബാറ്റ് കൊണ്ട് മൈതാനത്ത് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാൽ തന്നെ 1-4 ന് പരമ്പരയിൽ നാണംകെട്ട തോൽവി വഴങ്ങിയാണ് ഇന്ത്യൻ സംഘം മടങ്ങുന്നത്.
ഇംഗ്ലണ്ട് പോലെ പേസിനെ പ്രണയിക്കുന്ന പിച്ചുകളുളള നാട്ടിൽ ചെന്നപ്പോൾ ടോസിൽ തുടങ്ങി എല്ലാം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ചതിച്ചു. അഞ്ച് ടെസ്റ്റ് മത്സരത്തിൽ അഞ്ചിലും വിരാട് കോഹ്ലിക്ക് ടോസ് ലഭിച്ചില്ല.
ആതിഥേയ ക്യാപ്റ്റൻ ജോ റൂട്ടിന് ടോസ് ഇടാനുളള അവസരം ലഭിച്ചപ്പോൾ വിരാട് കോഹ്ലി അഞ്ച് തവണയും ഹെഡാണ് വിളിച്ചത്. എന്നാൽ വീണത് ടെയ്ൽസും. തുടർച്ചയായി ടോസ് നഷ്ടപ്പെട്ടിട്ടും ഹെഡ് മാറ്റിവിളിക്കാൻ കോഹ്ലി തയ്യാറായതുമില്ല.
ടെസ്റ്റിൽ ടോസ് ഇടുന്നതിനെതിരെ ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ ശക്തമാണ്. പിച്ച് തയ്യാറാക്കുന്നത് ആതിഥേയ ടീമായതിനാൽ ബാറ്റിങ്ങോ ബോളിങ്ങോ തിരഞ്ഞെടുക്കാൻ സന്ദർശക ടീമിനെ അനുവദിക്കണമെന്നാണ് വാദം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഇക്കുറി ടോസ് ചതിച്ചപ്പോൾ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന് ടോസിൽ ഒരു റെക്കോർഡ് കുറിക്കാൻ സാധിച്ചു.
അഞ്ച് മത്സര പരമ്പരയിൽ എല്ലാ തവണയും ടോസ് നേടുന്ന ക്യാപ്റ്റനായി അദ്ദേഹം മാറി. രണ്ട് പതിറ്റാണ്ടിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനുമാണ് റൂട്ട്. 1998–99 കാലത്തെ ആഷസ് പരമ്പരയിൽ ഓസീസ് നായകൻ മാർക്ക് ടെയ്ലറാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്.
1948-49 കാലത്ത് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനായിരുന്ന ജോൺ ഗോദാർദ് ഇന്ത്യയ്ക്കെതിരെ എല്ലാ ടോസും നേടിയിരുന്നു. അന്ന് ലാലാ അമർനാഥായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. പിന്നീട് 1982-83 കാലത്ത് കപിൽ ദേവിനെതിരെ അന്നത്തെ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡും ഈ റെക്കോർഡ് കുറിച്ചിട്ടുണ്ട്. എന്നാൽ റൂട്ടിന്റെ റെക്കോർഡിന് സമാനമായി അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അഞ്ചിലും ടോസ് നേടിയ ഏക ഇന്ത്യൻ ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയാണ്. 1963-64 കാലത്ത് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്.
എജ്ബാസ്റ്റണിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് 31 റൺസിനാണ് വിജയിച്ചത്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ടോസ് കിട്ടിയപ്പോൾ റൂട്ട് ബോളിങ് തിരഞ്ഞെടുത്തു. ഈ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിനും 159 റൺസിനും ജയിച്ചു.
ട്രെന്റ് ബ്രിജിൽ നടന്ന മൂന്നാം മത്സരത്തിലും ടോസ് ലഭിച്ചെങ്കിലും ബോൾ ചെയ്യാനുള്ള റൂട്ടിന്റെ തീരുമാനം ഇംഗ്ലണ്ടിനെ തിരിച്ചടിച്ചു. 203 റൺസിന്റെ കൂറ്റൻ വിജയമാണ് ഈ മത്സരത്തിൽ ഇന്ത്യ നേടിയത്. എന്നാൽ നാലാം ടെസ്റ്റ് നടന്ന സതാംപ്ടണിൽ കാര്യങ്ങൾ മാറി. റൂട്ട് ഇക്കുറി ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന് 60 റൺസ് വിജയവും നേടാനായി.
ഓവലിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ടോസ് റൂട്ടിനാണ് ലഭിച്ചത്. ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയർ ഇന്ത്യയെ 118 റൺസിന് പരാജയപ്പെടുത്തി.