സതാംപ്ടണ്‍: നോട്ടിങ്ഹാം ടെസ്റ്റിലെ താരമായിരുന്നു റിഷഭ് പന്ത്. തന്റെ ടെസ്റ്റ് അരങ്ങേറ്റം ആഘോഷമാക്കുക തന്നെ ചെയ്തു യുവതാരം. നോട്ടിങ്ഹാമില്‍ സിക്സര്‍ പറത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവറിയിച്ചത് തന്നെ. അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും അതേ മത്സരത്തില്‍ പന്ത് പേരിലാക്കി. എന്നാല്‍ ആ സന്തോഷമെല്ലാം സതാംപ്ടണിലെത്തിയപ്പോള്‍ ഒറ്റയടിക്കില്ലാതെ ആയിരിക്കുകയാണ്.

നാണക്കേടിന്റെ റെക്കോര്‍ഡായിരുന്നു ഇവിടെ റിഷഭിനെ കാത്തിരുന്നത്. സതാംപ്ടണില്‍ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പന്ത് സ്വന്തം പേരിലാക്കിയത് നാണക്കേടിന്റെ റെക്കോര്‍ഡാണ്.

ആറാമനായി ബാറ്റിങ്ങിനിറങ്ങി 29 ബോള്‍ നേരിട്ടാണ് റിഷഭ് പൂജ്യത്തിന് മടങ്ങിയത്. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ സുരേഷ് റെയ്ന, ഇര്‍ഫാന്‍ പഠാന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി. തീര്‍ന്നില്ല യഥാര്‍ത്ഥ നാണക്കേട് മറ്റൊന്നായിരുന്നു. കൂടുതല്‍ സമയം ക്രീസില്‍ ചിലവഴിച്ച് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ മറ്റാരും പന്തിന് മുന്നിലില്ല. 46 മിനിറ്റാണ് പന്ത് ക്രീസിലുണ്ടായിരുന്നത്.

സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം 23 ബൈ റണ്‍സുകള്‍ വഴങ്ങിയും പന്ത് നാണക്കേടുണ്ടാക്കിയിരുന്നു. ഇതില്‍ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. താരത്തിന്റെ ബാറ്റിങ്ങിനെതിരേയും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന താരം പന്തുകള്‍ നേരിടാന്‍ കാണിക്കുന്ന ആത്മവിശ്വാസമില്ലായ്മ ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം, ബോളിങ്ങില്‍ കാണിച്ച ആധിപത്യം ബാറ്റിങ്ങിലും ആവര്‍ത്തിക്കാം എന്നാശിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ പ്രതീക്ഷിച്ച അത്ര നന്നായി കളിക്കാനായില്ല. സെഞ്ചുറിയുമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ചേതേശ്വര്‍ പൂജാരയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലീഡ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 246 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റണ്‍സിന് 273 പുറത്തായി. ഇന്ത്യയ്ക്ക് 27 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook