ലണ്ടന്‍: ബോളിങ്ങില്‍ കാണിച്ച ആധിപത്യം ബാറ്റിങ്ങിലും ആവര്‍ത്തിക്കാം എന്നാശിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ പ്രതീക്ഷിച്ച അത്ര നന്നായി കളിക്കാനായില്ല. സെഞ്ചുറിയുമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ചേതേശ്വര്‍ പൂജാരയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലീഡ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 246 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 27 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്.

അഞ്ച് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ഇന്ത്യയെ തകര്‍ത്തത്. കൂട്ടത്തകര്‍ച്ചയിലും വന്‍മതിലായി നിന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്ങാണ് ഇന്ത്യയെ അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പൂജാരയെ കൂടാതെ 46 റണ്‍സെടുത്ത വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ സ്‌കോര്‍ 37ല്‍ നില്‍ക്കുമ്പോഴായിരുന്നു രാഹുലിന്റെ പുറത്താകല്‍.

സ്‌കോര്‍ 50ല്‍ എത്തിയപ്പോള്‍ ധവാനും പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൂജാര- വിരാട് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 142ല്‍ എത്തി നില്‍ക്കെ കോഹ്‌ലി പുറത്തായതോടെ ഇന്ത്യ പതറി.

കോഹ്‌ലിയ്ക്ക് പിന്നാലെ വന്ന അജിങ്ക്യ രഹാനെ (11), ഋഷഭ് പന്ത് (പൂജ്യം), ഹര്‍ദിക് പാണ്ഡ്യ (നാല്), രവിചന്ദ്ര അശ്വിന്‍ (ഒന്ന്), മുഹമ്മദ് ഷാമി (പൂജ്യം) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇതോടെെ രണ്ട് വിക്കറ്റിന് 142 എന്ന നിലയില്‍ നിന്നും എട്ടിന് 195 എന്ന നിലയിലേക്ക് ഇന്ത്യ വീണു. വന്‍ തകര്‍ച്ച മുന്നില്‍ കണ്ട നിമിഷം, എന്നാല്‍ വന്‍മതില്‍ പോലെ ഉറച്ചു നിന്ന പൂജാര, ഇഷാന്ത് ശര്‍മ്മ (14) ജസ്പ്രിത് ബുമ്ര എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യയെ അക്കരെ എത്തിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ