ഓവല്‍ ടെസ്റ്റ് ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒരു വിക്കറ്റ് നഷ്ടമായെങ്കിലും ഇംഗ്ലണ്ട് നിലയുറപ്പിക്കുകയാണ്. 37 റണ്‍സുമായി അലിസ്റ്റര്‍ കുക്കും 2 റണ്‍സുമായി മോയിന്‍ അലിയുമാണ് ക്രീസില്‍. ഇംഗ്ലണ്ട് 68 റണ്‍സെടുത്തിട്ടുണ്ട്. 23 റണ്‍സെടുത്ത ജെന്നിങ്‌സിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജഡേജയാണ് വിക്കറ്റെടുത്തത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായകമായ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരിക്കുന്നത്. പരമ്പരയില്‍ തീര്‍ത്തും നിറംമങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കുപകരം, പുതുതായി ടീമിലെത്തിയ സ്പിന്നര്‍- ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചു. നാലാം ടെസ്റ്റിന് ശേഷം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അശ്വിനുപകരം രവീന്ദ്ര ജഡേജയും ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ വിജയടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി.
ഇതിഹാസതാരം അലിസ്റ്റര്‍ കുക്കിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാണ് ഇംഗ്ലണ്ട് ഓവലില്‍ എത്തിയിരിക്കുന്നത്. അഞ്ചാം മത്സരവും വിജയിച്ച് പരമ്പരയില്‍ പൂര്‍ണ്ണ ആധിപത്യം നേടാനും ഇംഗ്ലണ്ട് ശ്രമിക്കും. മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ട് 3-1ന് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
തുടര്‍ പരാജയങ്ങള്‍ ഒഴിവാക്കി വിജയത്തോടെ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വിജയത്തിനരികില്‍നിന്ന് കൈവിട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണ നല്‍കാന്‍ ബാറ്റിങ് നിരയ്ക്കാല്‍ ഇന്ത്യയ്ക്ക് വിജയമുറപ്പിക്കാം.