ഓവൽ: ഇംഗ്ലണ്ടിൽ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റിലും തോറ്റ് തലതാഴ്ത്തി നിൽക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യൻ സംഘത്തിന്റെ മോശം പ്രകടനം ബിസിസിഐ നേതൃത്വത്തിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. രവി ശാസ്ത്രിക്കെതിരെ ഗാംഗുലിയും ഗവാസ്‌കറും അടക്കം പൊട്ടിത്തെറിച്ചപ്പോൾ താരങ്ങളും ഇതിൽ നിന്ന് മുക്തരായില്ല.

ക്രീസിൽ റൺ വേട്ടയിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ഇന്ത്യൻ ബാറ്റ്സ്‌മാന്മാരിൽ പ്രധാന താരമാണ് കെ.എൽ.രാഹുൽ. പരമ്പരയിൽ ഇതുവരെ 16 റൺസ് ശരാശരിയിലാണ് താരത്തിന്റെ പ്രകടനം. രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന തരത്തിലുളള പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

എന്നാൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ കെ.എൽ.രാഹുൽ ഒരു പുതിയ റെക്കോർഡു കുറിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ പരമ്പരയിലെ 13-ാം ക്യാച്ച് സ്വന്തമാക്കിയ രാഹുൽ, 13 വർഷം മുൻപ് രാഹുൽ ദ്രാവിഡ് സ്ഥാപിച്ച ഇന്ത്യൻ റെക്കോർഡിന് ഒപ്പമെത്തി. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ലോകേഷ് രാഹുൽ എത്തിയിരിക്കുന്നത്.

2004-05 വർഷത്തിലെ ഓസീസ് പര്യടനത്തിലാണ് രാഹുൽ ദ്രാവിഡ് 13 ക്യാച്ചുമായി റെക്കോർഡിട്ടത്. ഇത് സ്വന്തം പേരിലാക്കാൻ കെ.എൽ.രാഹുലിന് ഇനിയും സമയമുണ്ടെന്നതാണ് മറ്റൊരു കാര്യം. ദ്രാവിഡിന് നാല് ടെസ്റ്റ് മത്സരങ്ങളേ ലഭിച്ചുളളൂ. എന്നാൽ കെ.എൽ.രാഹുലിന് ഈ നേട്ടം കൈവരിക്കാൻ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ ലഭിച്ചു.

ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ പുറത്താക്കാൻ എടുത്ത ക്യാച്ചാണ് ലോകേഷ് രാഹുലിനെ ദ്രാവിഡിന്റെ റെക്കോർഡ് നേട്ടത്തിന് ഒപ്പമെത്തിച്ചത്. രാഹുൽ ദ്രാവിഡിനു പുറമെ ഇന്ത്യക്കാരല്ലാത്ത രണ്ടു പേർ കൂടി മുൻപ് ഈ റെക്കോർഡ് കുറിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറ, ഓസ്ട്രേലിയയുടെ ബോബ് സിംപ്‌സൺ എന്നിവരാണ് മുൻപ് 13 ക്യാച്ചുകൾ നേടിയത്. ഇരുവരും രണ്ടു തവണ വീതം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയതിന്റെ ലോക റെക്കോർഡ് ഇപ്പോഴും ഓസ്ട്രേലിയയുടെ ജാക്ക് ഗ്രിഗറിയുടെ പേരിലാണ്. 1920-21ലെ ആഷസ് പരമ്പരയിലാണ് ഗ്രിഗറി 15 ക്യാച്ചുകളുടെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ തന്നെ ഗ്രെഗ് ചാപ്പൽ 14 ക്യാച്ചുമായി രണ്ടാമതുണ്ട്. 1974-75ലെ പരമ്പരയിലാണ് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ചാപ്പൽ 14 ക്യാച്ച് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന് ഇനിയും ഒരു ഇന്നിങ്സ് കൂടി ബാക്കിയുള്ളതിനാൽ കെ.എൽ.രാഹുലിന് ഈ റെക്കോർഡ് തന്റെ പേരിലാക്കാൻ അവസരം ഉണ്ട്. രണ്ട് ക്യാച്ചുകൾ കൂടി നേടിയാൽ രാഹുലിന് ഗ്രിഗറിയുടെ റെക്കോർഡിനൊപ്പമെത്താം. ഒരു ക്യാച്ചാണ് നേടുന്നതെങ്കിൽ ഗ്രെഗ് ചാപ്പലിനൊപ്പവും മൂന്നു ക്യാച്ചുകൾ നേടാനായാൽ ലോക റെക്കോർഡ് തന്റെ മാത്രം പേരിലുമാക്കാനും താരത്തിന് സാധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ