ലണ്ടന്‍: സച്ചിന്‍-മഗ്രാത്ത് പോര് പോലെ ക്രിക്കറ്റ് ലോകത്ത് ഇന്ന് ഏറ്റവും ശ്രദ്ധേയമായ പോരാണ് വിരാട് കോഹ്‌ലി-ജെയിംസ് ആന്റേഴ്‌സണ്‍ വൈര്യവും. ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോഴൊക്കെ അത് കാണേണ്ട കാഴ്ചയായി മാറും. ബാറ്റും പന്തും നാക്കും എല്ലാം ഒരുപോലെ ഏറ്റുമുട്ടും. ഇരുവരും പരസ്പരം ഏറെ ബഹുമാനിക്കുന്നവരുമാണ്.

ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലും പ്രധാന ആകര്‍ഷണമായിരുന്നു ഈ പോര്. ഇന്നലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിനിടെയും ഇരുവരും ഏറ്റുമുട്ടി. പക്ഷെ അതിന്റെ ഇരയായതാകട്ടെ ഒന്നുമറിയാത്ത പാവം അമ്പയര്‍ ധര്‍മ്മസേനയും. വിരാടിന്റെ എല്‍ബിഡബ്ല്യുവിനെ ചൊല്ലി അമ്പയറോട് ആന്റേഴ്‌സണ്‍ കയര്‍ക്കുകയായിരുന്നു. ഇതോടെ താരത്തിനെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തതിനാണ് നടപടി. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസത്തിനിടെയായിരുന്നു സംഭവം. 29-ാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെയുള്ള എല്‍ബിഡബ്ല്യു അപ്പീല്‍ നിരസിച്ച അമ്പയര്‍ കുമാര്‍ ധര്‍മ്മസേനയുടെ കൈയ്യില്‍ നിന്ന് തൊപ്പി തട്ടിപ്പറിച്ച് വാങ്ങിയ ആന്‍ഡേഴ്സൺ അദ്ദേഹത്തോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

ഐസിസി പെരുമാറ്റച്ചട്ട പ്രകാരം 2.1.5 വകുപ്പിന്റെ ലംഘനമാണ് ആന്‍ഡേഴ്സണിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഐസിസി ചട്ടപ്രകാരം ലെവല്‍ ഒന്നില്‍ പെടുന്ന കുറ്റമായതിനാല്‍ മാച്ച് ഫീസിന്റെ 15 ശതമാനം ആന്‍ഡേഴ്സൺ പിഴയായി നല്‍കണം. തനിക്കെതിരെ ചുമത്തിയ കുറ്റവും ശിക്ഷയും ആന്‍ഡേഴ്സണ്‍ അംഗീകരിച്ചതിനാല്‍ പ്രത്യേക ഹിയറിങ്ങിന്റെ ആവശ്യം ഇക്കാര്യത്തില്‍ വേണ്ടി വന്നില്ല. പിഴ കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ ചേര്‍ത്തിട്ടുണ്ട്. 2016-ല്‍ പുതുക്കിയ നിയമാവലി വന്ന ശേഷം താരത്തിനെതിരെയുള്ള ആദ്യ നടപടിയാണ് ഇത്.

അതേസമയം, പരമ്പരയിലിതുവരെ ആന്റേഴ്‌സണിന് വിരാടിന്റെ വിക്കറ്റെടുക്കാനായിട്ടില്ല. 2014 ല്‍ വിരാടിനെ പൂട്ടാനായെങ്കിലും ഇത്തവണ അതെല്ലാം വിരാട് തിരുത്തി മുന്നേറുകയാണ്. പരമ്പരയിലെ ടോപ്പ് സ്‌കോററാണ് ഇന്ത്യന്‍ നായകന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook