ലണ്ടന്‍: കഴിഞ്ഞ രണ്ട് ടെസ്റ്റിലും നാണം കെട്ട് തോറ്റമ്പിയ ഇന്ത്യ പക്ഷെ മൂന്നാം ടെസ്റ്റില്‍ അതിനെല്ലാം ചേര്‍ത്ത് മറുപടി പറയുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 437 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കിനേയും ജെന്നിങ്സിനേയും തുടക്കത്തിലേ മടക്കി അയച്ച് ഇശാന്ത് ശര്‍മ്മ തുടങ്ങി വച്ചത് ജോ റൂട്ടിനെ പുറത്താക്കി ബുംറയും പോപ്പിനെ പുറത്താക്കി ഷമിയും തുടരുകയാണ്.
17 റണ്‍സെടുത്താണ് കുക്ക് പുറത്തായതെങ്കില്‍ ജെന്നിങ്സിനെ 13 റണ്‍സെടുത്തു നില്‍ക്കെയാണ് ഇശാന്ത് പുറത്താക്കുന്നത്. റൂട്ടും 13 റണ്‍സാണ് നേടിയത്. പോപ്പിന് 16 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് റണ്‍സുമായി സ്റ്റോക്ക്സും 19 റണ്‍സുമായി ബട്ലറുമാണ് ക്രീസില്‍. ലഞ്ചിന് പിരിഞ്ഞിരിക്കുകയാണ് മത്സരം.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് 84 ന് നാല് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സില്‍ 161 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യ പുറത്താക്കിയിരുന്നു. നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ 352 റണ്‍സെടുത്താണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്.
സെഞ്ചുറി (103) നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 72 റണ്‍സുമായി പൂജാരെയും 52 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും നായകന് ശക്തമായ പിന്തുണ നല്കി. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.എല്‍.രാഹുലും യഥാക്രമം 44 ഉം 36 ഉം റണ്‍സുകളാണ് നേടിയത്.