scorecardresearch
Latest News

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍; പകരം വീട്ടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം

203 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍; പകരം വീട്ടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം

നോട്ടിങ്ഹാം: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം. ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ 317 ന് പുറത്താക്കുകയായിരുന്നു. 203 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 30 റൺസുമായി ആദിൽ റഷീദും 8 റൺസുമായി ജെയിംസ് ആൻഡേഴ്സണുമായിരുന്നു ക്രിസീല്‍. ആൻഡേഴ്സണിന്‍റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റൺസ് എന്ന നിലയിൽ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ പിഴച്ചു. സ്കോർബോർഡിൽ 4 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഇംഗ്ലീഷ് ഓപ്പണർ കീറ്റൺ ജെന്നിങ്സനെ ഇഷാന്ത് ശർമ്മ വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിൽ എത്തിച്ചു. കുക്കും, റൂട്ടും, പോപ്പും പിന്നാലെ കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 62/4 എന്ന നിലയിലായി.  സ്റ്റോക്സും ബട്‌ലറും പൊരുതി നോക്കിയെങ്കിലും ഈ കൂട്ടുകെട്ട് ബുമ്ര തകർത്തു.  അഞ്ചാം വിക്കറ്റിൽ 169 റൺസിന്റെ കൂട്ടുകെട്ടാണ് സ്റ്റോക്സും ബട്‌ലറും ചേർന്ന് നേടിയത്.

ബട്‌ലർ 106 റൺസുമായി സെഞ്ചുറി തികച്ചപ്പോൾ 62 റൺസ് നേടിയ സ്റ്റോക്സ് അർദ്ധ സെഞ്ചുറിയും തികച്ചു. എന്നാൽ സെഞ്ചുറി നേടിയ ബട്‌ലറെ ആഘോഷം അവസാനിപ്പിക്കും മുൻപേ ബുമ്ര മടക്കി. പിന്നീടാർക്കും ഇംഗ്ലണ്ടിന്റെ നില ഭദ്രമാക്കാനായില്ല. വോക്സും ബ്രോഡും ബുമ്രയ്ക്ക് മുന്നിൽ ബാറ്റ് വച്ച് മടങ്ങിയപ്പോൾ നാലാം ദിനം തന്നെ  ഇന്ത്യ കളി അവസാനിപ്പിക്കുമെന്ന് തോന്നി. പക്ഷെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ആദിൽ റഷീദ് ഒരുക്കമായിരുന്നില്ല.

ഇന്ത്യൻ പേസമാരുടെ പ്രകടനമാണ് നാലാം ദിനം മത്സരം ഇന്ത്യൻ വരുതിയിൽ നിറുത്തിയത്. റൺ നിരക്ക് പിടിച്ചുനിർത്തുന്ന ചുമതല സ്പിന്നർ അശ്വിനെ ഏൽപ്പിച്ച ഇഷാന്തും സംഘവും കൃത്യമായ ഇടവേളകളിൽ ഇംഗ്ലിഷ് വിക്കറ്റുകൾ പിഴുതു. ഇന്ത്യക്കായി ബുമ്ര അഞ്ചും ഇഷാന്ത് ശർമ്മ രണ്ടും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 161 റൺസിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിലെ ലീഡ് നൽകിയ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്സ്മാന്മാർ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ വിജയലക്ഷ്യം 521 റൺസായി. രണ്ട് ഇന്നിങ്സുകളിൽനിന്നുമായി 200 റൺസ് അടിച്ചുകൂട്ടിയ ക്യപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ബുംറയും അഞ്ച് വിക്കറ്റ് വീതം നേടി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ പിന്നിലാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs eng india wins third third test