ലീഡ്‌സ്: ഓസ്‌ട്രേലിയയിൽ ടെസ്റ്റ് മത്സരത്തിനിടയിൽ വംശീയ അധിക്ഷേപം നേരിടേണ്ടി വന്ന താരമാണ് ഇന്ത്യയുടെ പുതിയ ബോളിങ് സെൻസേഷൻ മുഹമ്മദ് സിറാജ്. ഇപ്പോഴിതാ ഇംഗ്ലണ്ടിൽ താരത്തിന് നേരെ പന്തെറിഞ്ഞിരിക്കുകയാണ് കാണികൾ. ലീഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനമാണ് സംഭവം. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടയിലാണ് കാണികളിൽ ഒരാൾ സിറാജിന് നേരെ പന്തെറിഞ്ഞത്.
മത്സരശേഷം റിഷഭ് പന്താണ് ഇത് വെളിപ്പെടുത്തിയത്. മത്സരത്തിനിടയിൽ ടിവി ക്യാമറയിൽ കോഹ്ലി ദേഷ്യത്തോടെ സിറാജിനോട് എന്തോ വസ്തു പുറത്തേക്ക് തിരിച്ചെറിയാൻ പറയുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് പന്തിനോട് ചോദിച്ചപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്.
“എനിക്ക് തോന്നുന്നു കാണികളിൽ ഒരാൾ സിറാജിന് നേരെ പന്തെറിഞ്ഞു, അതുകണ്ട് കോഹ്ലി നിരാശനായിരുന്നു. നിങ്ങൾക്ക് എന്തും പറയാം, പക്ഷേ ഫീൽഡർക്ക് നേരെ ഒന്നും എറിയരുത്. അത് ക്രിക്കറ്റിന് നല്ലതല്ലെന്ന് എനിക്ക് തോന്നുന്നു,” ആദ്യ ദിനത്തിലെ മത്സരശേഷം പന്ത് പറഞ്ഞു.
ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് സിറാജ് ആയിരുന്നു. ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ കാണികൾ സിറാജിന് നേരെ വംശീയ അധിക്ഷേപം നടത്തിയിരുന്നു. സംഭവത്തിനുപിന്നാലെ ചിലരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കുകയും കളി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
Also read: പകരം വീട്ടി ആന്‍ഡേഴ്സണ്‍, പിന്നാലെ റൂട്ടിന്റെ മുത്തം; കോഹ്ലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകരും
അന്ന് സിറാജ് തന്നെയാണ് അമ്പയറോട് കാണികൾ തന്നെ അധിക്ഷേപിക്കുന്നുവെന്ന് പരാതി പറഞ്ഞത്. ലോർഡ്‌സ് ടെസ്റ്റിൽ ഷാംപെയ്ൻ കുപ്പിയുടെ കോർക്ക് ബൗണ്ടറി ലൈനിൽ രാഹുൽ ഫീൽഡ് ചെയ്യുന്നതിന് സമീപത്തേക്കും വലിച്ചെറിഞ്ഞതിൽ കോഹ്ലി ക്ഷുഭിതനായിരുന്നു.