ന്യൂസിലൻഡിനെ 3-0 ന് തൂത്തുവാരിയ അതേ മനസോടെ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും കളിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. കളിയുടെ തീവ്രതയിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് സ്റ്റോക്സ് പറഞ്ഞു.
ബെൻ സ്റ്റോക്സിന്റെയും പുതിയ പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിന്റെയും നേതൃത്വത്തിൽ, നിലവിലെ ഡബ്ല്യുടിസി ചാമ്പ്യന്മാരായ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 3-0 ന് അതിശയകരമായ വിജയമാണ് നേടിയത്.
കോവിഡിനെ തുടർന്ന് മാറ്റിവെച്ച കഴിഞ്ഞ വർഷത്തെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് വെള്ളിയാഴ്ച എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കാനിരിക്കെയാണ് സ്റ്റോക്സ് ഇക്കാര്യം പറഞ്ഞത്. “ഞാൻ ഇത് പറയുമ്പോൾ എന്നെ വിശ്വസിക്കൂ. വ്യത്യസ്തമായ ടീമാണെങ്കിലും ഞങ്ങൾ അതേ (ആക്രമണാത്മക) മാനസികാവസ്ഥയോടെയാണ് പുറത്തുവരുന്നത്, ”സ്റ്റോക്സ് പറഞ്ഞു.
“ഈ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയ്ക്കെതിരെ അത് തുടരാൻ ശ്രമിക്കുകയും ചെയ്യും.” അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണെങ്കിലും കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ കളിച്ച ഒല്ലി പോപ്പ്, ജോ റൂട്ട്, ബെയർസ്റ്റോ, ജെയിംസ് ആൻഡേഴ്സൺ എന്നീ നാല് അംഗങ്ങൾ മാത്രമാണ് നിലവിലെ ടീമിലുള്ളത്.
മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇടവേള എടുത്തതിനാൽ സ്റ്റോക്സ് കഴിഞ്ഞ വർഷം പരമ്പരയിൽ ഉണ്ടായിരുന്നില്ല. ന്യൂസിലൻഡ് പരമ്പരയ്ക്ക് മുമ്പ് 17 ടെസ്റ്റുകളിൽ ഒരു തവണ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ കഥ ആകെ മാറിയിരിക്കുകയാണ്.
“ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ 3-0 ന് പരമ്പര വിജയിക്കുക എന്നത് ഒരു പ്രത്യേക തുടക്കമാണ്.” കാര്യങ്ങൾ മാറ്റിമറിച്ചതിന് തന്റെ ടീമംഗങ്ങളെ പ്രശംസിച്ചുകൊണ്ട് സ്റ്റോക്സ് പറഞ്ഞു. ഏപ്രിലിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ 0-1 പരമ്പര തോൽവിക്ക് ശേഷം റൂട്ട് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സ്റ്റോക്സ് നായകസ്ഥാനം ഏറ്റെടുത്തത്.
ടീമിന്റെ നേട്ടത്തിൽ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിനും സ്റ്റോക്സ് നന്ദി പറഞ്ഞു. ടീമിന് വലിയ രീതിയിലുള്ള പ്രചോദനമാണ് മക്കല്ലം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.