ഓവല്‍: അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 300 കടന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 300 കടന്നത്. സ്‌കോര്‍ 304-8 എന്ന നിലയിലാണ് ഉച്ച ഭക്ഷണത്തിന് പിരിഞ്ഞത്.

അര്‍ധസെഞ്ചുറിയുമായി ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചത്. ബട്‌ലര്‍ 104 പന്ത് നേരിട്ട് 63 റണ്‍സെടുത്തിട്ടുണ്ട്. 51പന്തില്‍ 36 റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡ് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

എഴു വിക്കറ്റിന് 198 എന്ന നിലയിലാണ് ഇന്ന് ഇംഗ്ലണ്ട് കളിയാരംഭിച്ചത്. അവിടെ നിന്നും ടീമിനെ 300 ലേക്ക് എത്തിച്ചത് ബട്‌ലറുടെ ബാറ്റിങ് മികവ് തന്നെയാണ്. കുറേക്കൂടി ആക്രമണ ശൈലിയിലാണ് ബട്‌ലര്‍ ബാറ്റ് വീശിയത്. 15 റണ്‍സെടുത്ത ആദില്‍ റാഷിദിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്. ബുംറയാണ് ആദിലിനെ പുറത്താക്കിയത്.

ഒന്നാം ദിനം ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ ഭാഗത്തു നിന്നും മോയിന്‍ അലിയുടെ ഭാഗത്തു നിന്നും മാത്രമേ ചെറുത്തു നില്‍പ്പുണ്ടായിരുന്നുള്ളു. അവസാന ടെസ്റ്റ് കളിക്കുന്ന കുക്ക് 71 റണ്‍സുമായാണ് പുറത്തായത്. അലി 50 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി ബുംറയും ഇശാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റുകള്‍ വീതവും രവീന്ദ്ര ജഡേജ രണ്ടു ‌വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook