ഓവല്‍: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇംഗ്ലണ്ട്. മുഖം രക്ഷിക്കാന്‍ ടെസ്റ്റ് ജയിച്ചേ തീരൂ എന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 464 റണ്‍സ് എടുക്കണം. ഇംഗ്ലണ്ട് 423 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 332 റണ്‍സാണ് നേടിയിരുന്നത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് റണ്‍സെടുക്കും മുമ്പു തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആന്റേഴ്‌സണാണ് രണ്ട് വിക്കറ്റുകളുമെടുത്തത്. കോഹ്‌ലിയുടെ വിക്കറ്റെടുക്കാനുള്ള അവസരം ആന്റേഴ്‌സണ് ലഭിച്ചില്ല. ബ്രോഡാണ് കോഹ്‌ലിയെ പുറത്താക്കിയത്.

അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മതിലുപോലെ നിന്ന കുക്ക് 147 റണ്‍സുമായാണ് കളി അവസാനിപ്പിച്ചത്. പിന്നാലെ നായകന്‍ ജോ റൂട്ടിനേയും ഇംഗ്ലണ്ടിന് നഷ്ടമായി. തുടരെ തുടരെയുള്ള പന്തുകളില്‍ പുതുമുഖ താരം ഹനുമാന വിഹാരിയാണ് രണ്ട് പേരേയും പുറത്താക്കിയത്.

286 പന്തില്‍ നിന്നുമാണ് കുക്ക് 147 റണ്‍സ് നേടിയത്. റൂട്ട് 190 പന്തില്‍ നിന്നും 125 റണ്‍സ് നേടി. 248 റണ്‍സിന്റെ കൂട്ടന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ ഇരുവരും ചേര്‍ന്ന് പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ, അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 292 ന് പുറത്തായിരുന്നു. തകര്‍ച്ചയില്‍ നിന്നും ഹനുമാന വിഹാരിയുടേയും രവീന്ദ്ര ജഡേജയുടേയും ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 56 റണ്‍സെടുത്ത് വിഹാരി പുറത്തായതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജഡേജ കളിക്കുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട് 86 റണ്‍സാണ് ജഡേജ നേടിയത്.

ഇന്ത്യയുടെ ടോപ് സ്‌കോററാണ് ജഡേജ. മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ വീണിടത്ത് ഇന്ത്യയുടെ വാലറ്റം ഉയര്‍ന്നു കളിക്കുകയായിരുന്നു. തന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറിന് തൊട്ടടുത്ത് വച്ചാണ് ജഡേജ കളി അവസാനിപ്പച്ചത്. ബുംറയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. 14 പന്തുകള്‍ നേരിട്ട ബുംറ റണ്‍സൊന്നും നേടിയില്ല. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ആന്റേഴ്സണ്‍, സ്റ്റോക്ക്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

124 പന്ത് നേരിട്ടാണ് വിഹാരി 56 റണ്‍സെടുത്തത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയതോടെ എന്തിനാണ് താരത്തെ ടീമിലെടുത്തതെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയുമായി. ജഡേജയുമൊത്ത് ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഹനുമാന വിഹാരി ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. മോയിന്‍ അലിയാണ് വിഹാരിയെ പുറത്താക്കിയത്.

പിന്നീട് കളിയുടെ നിയന്ത്രണം ജഡേജ ഏറ്റെടുക്കുകയായിരുന്നു. ജഡേജയാണ് ടോപ് സ്‌കോറര്‍. വിഹാരിയാണ് രണ്ടാമത്. 49 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പിന്നിലുണ്ട്. 101 പന്തുകള്‍ നേരിട്ട് 37 ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍ രാഹുലും 37 റണ്‍സ് നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ