ഓവല്‍: അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 332 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 198 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഒമ്പതാം വിക്കറ്റില്‍ ബ്രോഡുമൊത്ത് ഇംഗ്ലണ്ടിനെ 300 കടത്തിയ ബട്‌ലറെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ബട്‌ലറുടേയും ബ്രോഡിന്റേയും വിക്കറ്റുകളെടുത്തത് ജഡേജയായിരുന്നു. ഇരുവരും ചേര്‍ന്ന് 120 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ബട്‌ലര്‍ 89 റണ്‍സും ബ്രോഡ് 38 റണ്‍സും നേടിയാണ് പുറത്തായത്.

എഴു വിക്കറ്റിന് 198 എന്ന നിലയിലാണ് ഇന്ന് ഇംഗ്ലണ്ട് കളിയാരംഭിച്ചത്. അവിടെ നിന്നും ടീമിനെ 300 ലേക്ക് എത്തിച്ചത് ബട്‌ലറുടെ ബാറ്റിങ് മികവ് തന്നെയാണ്. കുറേക്കൂടി ആക്രമണ ശൈലിയിലാണ് ബട്‌ലര്‍ ബാറ്റ് വീശിയത്. 15 റണ്‍സെടുത്ത ആദില്‍ റാഷിദിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ബുംറയാണ് ആദിലിനെ പുറത്താക്കിയത്.

ഒന്നാം ദിനം ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ ഭാഗത്തു നിന്നും മോയിന്‍ അലിയുടെ ഭാഗത്തു നിന്നും മാത്രമേ ചെറുത്തു നില്‍പ്പുണ്ടായിരുന്നുള്ളു. അവസാന ടെസ്റ്റ് കളിക്കുന്ന കുക്ക് 71 റണ്‍സുമായാണ് പുറത്തായത്. അലി 50 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി ബുംറയും ഇശാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റുകള്‍ വീതവും രവീന്ദ്ര ജഡേജ നാല് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ