കളിക്കിടെ ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതില്‍ ഏറെ തല്‍പരനാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. തനിക്ക് പിന്നിലെ ഗ്യാലറിയില്‍ നിന്നും ഉയരുന്ന ‘ഗബ്ബര്‍.. ഗബ്ബര്‍’ വിളികള്‍ക്ക് മീശ പിരിച്ചു കാണിച്ചും കൈയ്യുയര്‍ത്തി കാണിച്ചും കൈയ്യടിച്ചുമെല്ലാം ധവാന്‍ പ്രതികരിക്കാറുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിവസവും അത്തരത്തിലൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ ചെറുത്തു നില്‍പ്പിന് തടയിട്ട് ഇംഗ്ലണ്ടിനെ ഇന്ത്യ വരുതിയിലാക്കിയതിന്റെ ആവേശത്തിലായിരുന്നു കാണികള്‍. ബാന്റ് മേളവും പാട്ടുമൊക്കെയായി അവരത് ആഘോഷിച്ചു. ബൗണ്ടറി ലൈനില്‍ ഉണ്ടായിരുന്ന ധവാന്‍ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗബ്ബര്‍ വിളികളുമായി അവര്‍ താരത്തെയും പ്രോത്സാഹിപ്പിച്ചു. കളി അവസാന ഓവറിലെത്തിയപ്പോഴായിരുന്നു തന്റെ നൃത്ത മികവ് ധവാന്‍ പുറത്തെടുത്തത്.

ഗ്യാലറിയുള്ള ആരാധകര്‍ കൈയ്യടിച്ചതോടെ താരം കൂടുതല്‍ സ്‌റ്റെപ്പുകളുമായി രംഗം ഉഷാറാക്കുകയായിരുന്നു. താരങ്ങളും ആരാധകരും തമ്മിലുള്ള ബന്ധത്തിന്റെ കാഴ്ചയായി ഈ നിമിഷം മാറി. പക്ഷെ ധവാന്റെ ഡാന്‍സിന് ആരാധകരെ മാത്രമല്ല കമന്ററി ബോക്‌സിലുണ്ടായിരുന്നവരെ പോലും ആകര്‍ഷിക്കാനായി. മത്സരത്തിന്റെ കമന്ററി പറയാനായി ഉണ്ടായിരുന്ന ഹര്‍ഭജന്‍ സിങ്ങും ഡേവിഡ് എല്‍ലോയിഡും കമന്ററി ബോക്‌സില്‍ വച്ച് ധവാന്റെ നൃത്തം അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലോയിഡിന്റെ വീഡിയോ ഭാജി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

അതേമയം, രണ്ടാം ദിനം ഒടുവില്‍ കിട്ടുന്ന വിവരം പ്രകാരം ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എന്ന നിലയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook