ഓവല്‍: ഇതുപോലൊരു വിടവാങ്ങള്‍ സച്ചിനു പോലുമുണ്ടായിട്ടില്ല. തന്റെ കരിയറിലെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ സെഞ്ചുറി തികച്ച് തന്റെ ബാല്യം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് വയ്ക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലിസ്റ്റര്‍ കുക്ക്. 212 പന്തുകള്‍ നേരിട്ടാണ് കുക്ക് സെഞ്ചുറി തികച്ചത്. കുക്കിന്റെ മുപ്പത്തി മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. അരങ്ങേറ്റത്തിലും വിടവാങ്ങലിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവുമാണ് കുക്ക്.
സെഞ്ചുറി എടുത്തതിന് പിന്നാലെ കളി ലഞ്ചിന് പിരിഞ്ഞു. 103 റണ്‍സുമായാണ് കുക്ക് ലഞ്ചിന് കേറിയത്. 222 പന്തുകള്‍ നേരിട്ടാണ് കുക്ക് തന്റെ ഇതിഹാസ ഇന്നിങ്സ് കളിച്ചത്. അതേസമയം, ഒടുവില്‍ വിവരം കിട്ടിയത് പ്രകാരം ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. 92 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ക്രീസിലുണ്ട്.
നേരത്തെ, അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 292 ന് പുറത്തായിരുന്നു. തകര്‍ച്ചയില്‍ നിന്നും ഹനുമാന വിഹാരിയുടേയും രവീന്ദ്ര ജഡേജയുടേയും ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 56 റണ്‍സെടുത്ത് വിഹാരി പുറത്തായതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജഡേജ കളിക്കുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട് 86 റണ്‍സാണ് ജഡേജ നേടിയത്.
ഇന്ത്യയുടെ ടോപ് സ്കോററാണ് ജഡേജ. മുന്‍ നിര ബാറ്റ്സ്മാന്മാര് വീണിടത്ത് ഇന്ത്യയുടെ വാലറ്റം ഉയര്‍ന്നു കളിക്കുകയായിരുന്നു. തന്റെ ഉയര്‍ന്ന ടെസ്റ്റ് സ്കോറിന് തൊട്ടടുത്ത് വച്ചാണ് ജഡേജ കളി അവസാനിപ്പച്ചത്. ബുംറയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. 14 പന്തുകള്‍ നേരിട്ട ബുംറ റണ്‍സൊന്നും നേടിയില്ല. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ആന്റേഴ്സണ്, സ്റ്റോക്ക്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
124 പന്ത് നേരിട്ടാണ് വിഹാരി 56 റണ്‍സെടുത്തത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയതോടെ എന്തിനാണ് താരത്തെ ടീമിലെടുത്തതെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയുമായി. ജഡേജയുമൊത്ത് ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഹനുമാന വിഹാരി ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. മോയിന്‍ അലിയാണ് വിഹാരിയെ പുറത്താക്കിയത്.
പിന്നീട് കളിയുടെ നിയന്ത്രണം ജഡേജ ഏറ്റെടുക്കുകയായിരുന്നു. ജഡേജയാണ് ടോപ് സ്കോറര്‍. വിഹാരിയാണ് രണ്ടാമത്. 49 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി പിന്നിലുണ്ട്. 101 പന്തുകള്‍ നേരിട്ട് 37 ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍ രാഹുലും 37 റണ്‍സ് നേടി.