ഓവല്‍: ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്‌കോറര്‍ എന്ന പേരുമായാണ് അലിസ്റ്റര്‍ കുക്ക് തന്റെ അവസാന ഇന്നിങ്‌സിന് ഇറങ്ങിയത്. മത്സരം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോഴേക്കും ഇന്ത്യയെ പൊരിച്ചെടുത്ത് ഇംഗ്ലണ്ടിന്റെ തീന്‍ മേശയില്‍ കുക്ക് വച്ചിരുന്നു. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച കുക്ക് തന്റെ 161-ാം ടെസ്റ്റിലൂടെ പരമ്പരയിലുടനീളമുണ്ടായിരുന്ന വരള്‍ച്ചയ്ക്കും അന്ത്യം കുറിച്ചു. 286 പന്തില്‍ നിന്നുമാണ് കുക്ക് 147 റണ്‍സ് നേടിയത്.

തന്റെ 33-ാമത്തെ സെഞ്ചുറിയാണ് കുക്ക് ഇന്ന് നേടിയത്. ഒന്നാം ഇന്നിങ്‌സിലും കുക്ക് അര്‍ധസെഞ്ചുറി നേടിയിരുന്നു. കരിയറിലെ ആദ്യത്തേയും അവസാനത്തേയും ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി കുക്ക് മാറി. റെഗ്ഗി ഡഫ്, ബില്‍ പോന്‍ഫോര്‍ഡ്, ഗ്രെഗ് ചാപ്പല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 2006 മാർച്ച് ഒന്നിന് ഇന്ത്യയ്ക്കെതിരെയായിരുന്നു കുക്കിന്‍റെ അരങ്ങേറ്റം. അന്ന് ആദ്യ ഇന്നിങ്സില്‍ 60 റണ്‍സ് നേടിയ കുക്ക് രണ്ടാം ഇന്നിങ്സിലാണ് 102 റണ്‍സുമായി സെഞ്ചുറി പൂർത്തിയാക്കുന്നത്.

ഇന്നത്തെ പ്രകടനത്തോടെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതെത്തി കുക്ക്. മുമ്പിലുള്ളത് സച്ചിനും പോണ്ടിങ്ങും കാലിസും ദ്രാവിഡുമാണ്. ഇവരാരും ഇന്ന് കളിക്കുന്നില്ല.

മറുവശത്തുണ്ടായിരുന്ന നായകന്‍ ജോ റൂട്ടിനെ കാഴ്ചക്കാരനാക്കി ബൗണ്ടറിയിലൂടെയാണ് കുക്ക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കുക്കിനെ നിറകൈയ്യടിയോടെയാണ് ഓവലിലെ കാണികള്‍ അഭിനന്ദിച്ചത്. നായകന്‍ റൂട്ട് ഇതിഹാസ താരത്തെ കെട്ടിപ്പിടിച്ച് നന്ദി പറയുകയാണ് ചെയ്തത്. ഇതെല്ലാം തന്റെ പതിവ് നാണം കലര്‍ന്ന ചിരിയോടെയാണ് കുക്ക് നേരിട്ടത്. അമിതാവേശത്തിന് അവിടെ സ്ഥാനമുണ്ടായിരുന്നില്ല.

ഈ ഇന്നിങ്‌സിനിടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനുമായി കുക്ക് മാറി. ശ്രീലങ്കയുടെ ഇതിഹാസ താരമായ കുമാര്‍ സങ്കക്കാരയെ മറികടന്നാണ് കുക്ക് ഈ നേട്ടം കൈവരിച്ചത്. ലഞ്ചിന് പിരിയുമ്പോള്‍ കുക്കിന്റെ സമ്പാദ്യം 12428 റണ്‍സാണ്. കൂടാതെ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 35-ാമത്തെ താരവുമായി കുക്ക്. ഇതിന് മുമ്പ് ഈ അവസരമുണ്ടായത് മുന്‍ ന്യൂസിലൻഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് മാത്രമാണ്.

കുക്കിന് മുമ്പ് തന്റെ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഏക ഇംഗ്ലണ്ട് താരം മുന്‍ നായകന്‍ നാസര്‍ ഹൊസൈന്‍ മാത്രമാണ്. അത് 2004ലായിരുന്നു. ന്യൂസിലൻഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook