ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 271 റണ്‍സ് പിന്തുടര്ന്ന് ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 102 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് ഹയ്യരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
പരിക്കേറ്റതിനാല്‍ ഓപ്പണിങ് ഇറങ്ങാതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ജയം നേടാനായില്ല. 28 പന്തില്‍ 51 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്റെ ജയത്തില്‍ നിര്‍ണായകമായത്. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുത്. രണ്ട് ഫോറുകളും ഒരു സിക്സും പായിച്ച രോഹിത് ഒരു പന്തില്‍ ആറ് റണ്‍സെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പക്ഷേ, അവസാന പന്തില്‍ സിക്സ് അടിക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശ് ജയം പിടിച്ച് വാങ്ങുകായിരുന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. വിരാട് കോഹ്ലി അഞ്ചും ശിക്കര്‍ ധവാന് എട്ടും റണ്‍സെടുത്തും പുറത്താകുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 11ഉം കെ.എല്‍ രാഹുല്‍ 14 ഉം റണ്‍സെടുത്ത് മടങ്ങി. ശ്രേയസ് അയ്യരുടെയും അക്സര്‍ പട്ടേലിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് അല്പമെങ്കിലും പ്രതിക്ഷയേകിയത്. 113 റണ്‍സാണ് ഈ കൂട്ടുക്കെട്ടില്‍ പിറന്നത്. എന്നാല്‍, 82 റണ്‍സെടുത്ത് ശ്രേയസും 56 റണ്‍സെടുത്ത് അക്സറും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.
83 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 100 റണ്‍സ് അടിച്ചെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. 96 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 77 റണ്‍സ് നേടിയ മഹ്മൂദുള്ളയും മികച്ച പ്രകടനം കാഴ്ചവെച്ചു. 69 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനായി ഏഴാം വിക്കറ്റില്‍ മഹ്മൂദുള്ളയും മെഹ്ദിയും ഒത്തുചേരുകയായിരുന്നു. ഇരുവരും 148 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.