പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളില്‍ വിവാദം സാധാരണമാണ്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ വിവാദം വിട്ടു നിന്നെങ്കിലും പെര്‍ത്ത് ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റിനെ ചൊല്ലിയാണ് വിവാദം.

സെഞ്ചുറി നേടി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കവെയായിരുന്നു വിരാടിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുന്നത്. തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് ശേഷമാണ് കോഹ്‌ലി പുറത്താകുന്നത്. എന്നാല്‍ അമ്പയറുടേത് തെറ്റായ തീരുമാനമായിരുന്നു എന്നാണ് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് 123 റണ്‍സിലെത്തി നില്‍ക്കെ വിരാട് പുറത്താകുന്നത്.

സെക്കന്റ് സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു വിരാട്. എന്നാല്‍ പന്ത് ക്യാച്ച് ചെയ്യുന്നതിന് തൊട്ടു മുമ്പായി നിലത്ത് തൊട്ടിരുന്നുവെന്ന സംശയമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ക്യാച്ചിന്റെ റീപ്ലേകളില്‍ ഈ സംശയം ബലപ്പെടുന്നുമുണ്ട്. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ വിധി അംഗീകരിച്ചു കൊണ്ട് തേര്‍ഡ് അമ്പയറും ഔട്ട് വിധിക്കുകയായിരുന്നു.

അമ്പയറുടെ തീരുമാനത്തില്‍ കോഹ്‌ലിയും അതൃപ്തനായിരുന്നു. താരത്തിന്റെ എതിര്‍പ്പ് മുഖത്തു നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇതോടെ വിവാദത്തിന് തുടക്കമാവുകയായിരുന്നു.

അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 283 ന് പുറത്തായി. സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഇന്ത്യയ്ക്ക് നായകന്‍ വിരാട് കോഹ്‌ലിയെ നഷ്ടമായതോടെയാണ് ഇന്ത്യയുടെ പതനം ആരംഭിച്ചത്. 123 റണ്‍സെടുത്ത കോഹ്‌ലിയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. മൂന്നാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഉപനായകന്‍ അജിങ്ക്യ രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ കോഹ്‌ലിയെ സെഞ്ചുറിയുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും നായകന്‍ വീണതോടെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു.

ഹനുമ വിഹാരി 20 റണ്‍സുമായി പുറത്തായി. പിന്നാലെ വന്ന മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും അതിവേഗം തിരിച്ചു മടങ്ങി. 36 റണ്‍സുമായി ഋഷഭ് പന്തും പുറത്തായി. പന്തും ഉമേഷ് യാദവും പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതായി തോന്നിയെങ്കിലും പന്ത് വീണതോടെ ആ മോഹം അസ്തമിച്ചു. 4 റണ്‍സുമായി ഉമേഷ് യാദവും പുറത്തായി. ജയിക്കണമെങ്കില്‍ മികച്ച സ്‌കോര്‍ കണ്ടെത്തണമെന്നിരിക്കെ പൊടുന്നനെ ഉണ്ടായ ബാറ്റിങ് തകര്‍ച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറി.

ഓസീസ് ബോളര്‍മാരില്‍ നഥാന്‍ ലിയോണാണ് തിളങ്ങിയത്. ആദ്യ ടെസ്റ്റിലും മികച്ച രീതിയില്‍ പന്തെറിച്ച ലിയോണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതവും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook