പെര്‍ത്ത്: അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടമുഖമായിരുന്നു നഥാന്‍ ലിയോണ്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും പോരാടിയ ലിയോണ്‍ കളി അവസാനിക്കുമ്പോള്‍ നിലത്ത് തല കുനിച്ച് ഇരിക്കുന്ന ചിത്രം ഏതൊരു ക്രിക്കറ്റ് പ്രേമിയേയും വേദനിപ്പിക്കുന്നതായിരുന്നു. രണ്ടാം ടെസ്റ്റില്‍ ആ മാജിക് ആവര്‍ത്തിക്കാന്‍ ലിയോണിന് സാധിച്ചില്ലെങ്കിലും തന്റെ പ്രതിഭ വെളിവാകുന്ന തരത്തില്‍ തന്നെയാണ് ലിയോണ്‍ പന്തെറിയുന്നത്.
ഇന്ത്യയുടെ പ്രതീക്ഷയായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്ന നായകന്‍ വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരം ലിയോണിന് നഷ്ടമായത് വെറും മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ്. ജോഷ് ഹെയ്‌സല്‍വുഡിനെ കോഹ്ലി തുടരെ തുടരെ മൂന്ന് ബൗണ്ടറികള്‍ക്ക് പായിച്ചതിന് പിന്നാലെയാണ് ഓസീസ് നായകന്‍ ടിം പെയ്ന്‍ ലിയോണിനെ പന്തേല്‍പ്പിക്കുന്നത്.
ആദ്യ പന്തില്‍ തന്നെ ലിയോണ്‍ തന്റെ നയം വ്യക്തമാക്കി. ലിയോണിന്റെ സ്പിന്‍ അറിയാവുന്നതു കൊണ്ടു തന്നെ സൂക്ഷ്മമായിട്ടാണ് വിരാട് കളിച്ചത്. അതുകൊണ്ട് തന്നെ വിരാടിന് വിക്കറ്റ് നഷ്ടമായില്ല. ലിയോണ്‍ എറിഞ്ഞ ഓസീസിന്റെ 18ാം ഓവറിലെ ആദ്യ പന്ത് പിച്ച് ചെയ്ത ശേഷം കോഹ്ലിയുടെ ഓഫ് സ്റ്റമ്പിന് മുകളിലൂടെയാണ് കടന്നു പോയത്. ഓഫ് സ്റ്റമ്പും പന്തും തമ്മില്‍ മില്ലീമീറ്ററുകളുടെ മാത്രം വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായി തിരിഞ്ഞ പന്ത് കോഹ്ലി ലീവ് ചെയ്തു. കീപ്പര്‍ പെയ്‌ന്റെ കൈകളില്‍ ചെന്ന് പന്ത് വീണതും തലനാരിഴയ്ക്ക് വിക്കറ്റ് നഷ്ടമായത് വിശ്വസിക്കാനാവാതെ ലിയോണ്‍ തലയില്‍ കൈവെച്ച് നിന്നു പോയി. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ കോഹ്ലിയും.
ഓപ്പണര്‍മാര്‍ നേരത്തേ വീണ മത്സരത്തില്‍ കോഹ്ലിയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. പൂജാരയുടെ വിക്കറ്റ് നഷ്ടമായതോടെ കോഹ്ലി ഉപനായകന്‍ രഹാനെയെ കൂട്ടുപിടിക്കുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്.
Yep, two types of leaves! Wait for the replay… #CloseMatters #AUSvIND | @GilletteAU pic.twitter.com/dm99xtmuPV
— cricket.com.au (@cricketcomau) December 15, 2018