മുംബൈ: ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തോറ്റത് മുൻ നായകൻ മഹേന്ദ്ര സിങ് ധോണി കാരണമാണെന്ന് മുൻ താരം അജിത് അഗാർക്കർ. ആദ്യ ഏകദിനത്തില്‍ ഓസീസിന്റെ 289 റൺസ് പിന്തുടർന്ന ഇന്ത്യ 34 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു.

തുടക്കത്തില്‍ നാലു റണ്‍സിന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ധവാനും റായിഡുവും കൂടാരം കയറിയിരുന്നു. നാലാം വിക്കറ്റിൽ ഒത്തുചേർന്ന മഹേന്ദ്ര സിങ് ധോണിയും ഓപ്പണർ രോഹിത് ശർമ്മയുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്.

ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ ധോണി 96 പന്തിൽ നിന്നാണ് 51 റൺസ് നേടിയത്. ധോണിയുടെ ഇന്നിങ്സിലെ മെല്ലെപ്പോക്ക് സ്കോറിങ്ങിനെ കാര്യമായി ബാധിച്ചെന്നാണ് വിമർശനം.   ധോണിയുടെ സ്ട്രൈക്ക് റേറ്റ് നിരാശജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു അഗാര്‍ക്കറുടെ വിമര്‍ശനം.

“സമ്മർദ്ദ ഘട്ടത്തില്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയേക്കും. 25-30 പന്തുകള്‍ വരെയൊക്കെ ഈ കാരണം പറയാം. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞും ഈ മെല്ലെപ്പോക്ക് തുടരുന്നതില്‍ ന്യായീകരണമില്ല,” അദ്ദേഹം പറഞ്ഞു.

“ക്രീസിൽ നിലയുറപ്പിച്ച ശേഷം ധോണി സ്‌കോറിങ് വേഗം കൂട്ടണമായിരുന്നു. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ല,” അഗാര്‍ക്കര്‍ കുറ്റപ്പെടുത്തി.

“ധോണി അര്‍ധ സെഞ്ചുറി നേടിയെന്നതൊക്കെ സത്യം. എന്നാല്‍ നൂറിനടുത്ത് പന്തുകളാണ് കളിച്ചത്. ഏകദിനത്തില്‍ 100 പന്തുകള്‍ എന്നത് ചില്ലറ സംഖ്യയല്ല. ധോണിയുടെ ഈ അർധ സെഞ്ചുറി മത്സരം  ഫിനിഷ് ചെയ്യാന്‍ രോഹിത്തിനെ സഹായിച്ചില്ല,” അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ