സ്മിത്തും വാര്‍ണറുമില്ലാത്ത ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. രണ്ട് ശക്തരായ ബാറ്റ്‌സ്മാന്മാരില്ലെങ്കിലും ഓസ്‌ട്രേലിയയെ ജയിക്കുക ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് ഇതിഹാസ താരം സച്ചിന്റെ ഉപദേശം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇറങ്ങുന്ന ബാറ്റ്‌സ്മാന്മാര്‍ നന്നായി കളിക്കണെന്നും കുറഞ്ഞത് 30 ഓവറെങ്കിലും ഇവര്‍ ബാറ്റ് ചെയ്യണമെന്നുമാണ് സച്ചിന്റെ ഉപദേശം. മധ്യനിരയ്ക്കായി പന്തിനെ വരുതിയിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം മുന്‍നിരയ്ക്കാണെന്ന് സച്ചിന്‍ പറയുന്നു.

”ഇതുപോലുള്ള സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ ഓപ്പണിങ് കൂട്ടുകെട്ട് ഏറെ പ്രധാനപ്പെട്ടതാണ്. 1, 2 ഉം മാത്രമല്ല മൂന്നും നാലും സ്ഥാനങ്ങളില്‍ കളിക്കുന്നത് വരെ പ്രധാനപ്പെട്ടതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇറങ്ങുന്നവരുടെ ഉത്തരവാദിത്വമാണ് 30 ഓവര്‍ വരെയെങ്കിലും കളിക്കുക എന്നത്. ഇംഗ്ലണ്ടില്‍ പോകും മുമ്പും ഞാന്‍ പറഞ്ഞിരുന്നു ആദ്യത്തെ 40 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്. പിന്നീട് പന്തിന്റെ ഹാര്‍ഡ്‌നെസ് കുറയും, സ്വിങ്ങുണ്ടാകും എന്നാലും കളിക്കാനുള്ള സമയം കിട്ടും” സച്ചിന്‍ പറയുന്നു.

”ഓസ്‌ട്രേലിയയില്‍ ആദ്യത്തെ 30 ഓവറുകളാണ് പ്രധാനപ്പെട്ടത്. പുതിയ പന്തായിരിക്കും, നല്ല സീമുമുണ്ടാകും. 30-35 ഓവര്‍ കഴിയുന്നതോടെ സീം ഫ്‌ളാറ്റാകും. പേസര്‍മാര്‍ക്ക് പിച്ചിലെ നിയന്ത്രണം കുറയും” സച്ചിന്‍ പറയുന്നു. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ ഉപദേശം. സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസ്‌ട്രേലിയ കരുത്തരാണെന്നും പ്രത്യേകിച്ച് ഓസീസ് ബോളിങ് നിരയെന്നും സച്ചിന്‍ പറയുന്നു. പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേസമയം, രോഹിത് ശര്‍മ്മയെ ഓപ്പണിങ് ഇറക്കണമെന്ന സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോട് സച്ചിന്‍ പ്രതികരിച്ചില്ല. തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണെന്നും താരങ്ങളെ കൂടുതല്‍ അറിയാന്‍ കഴിയുന്നത് അവര്‍ക്കാണെന്നും സച്ചിന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook