മെല്‍ബണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യയ്‌ക്കെതിരെ പന്തെറിയുമ്പോള്‍ ഏതൊരു ടീമിന്റേയും ലക്ഷ്യം കോഹ്‌ലിയുടെ വിക്കറ്റായിരിക്കും. ചെയ്‌സിങ്ങിലാണെങ്കില്‍ ജയത്തിന് തുല്യമാണ് കോഹ്‌ലിയുടെ വിക്കറ്റ്. കളിയുടെ ഗതി തന്നെ മാറ്റാന്‍ സാധിക്കുന്ന കോഹ്‌ലിയുടെ വിക്കറ്റ് തുടര്‍ച്ചയായി മൂന്ന് വട്ടം നേടുക എന്ന അഭിമാനിക്കാവുന്ന നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഓസീസ് പേസര്‍ ജേ റിച്ചാർഡ്‌സണ്‍.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും വിരാട് കോഹ്‌ലിയെ പുറത്താക്കിയിരിക്കുകയാണ് റിച്ചാർഡ്‌സണ്‍. മെല്‍ബണില്‍ കളിയുടെ നിയന്ത്രണം ഇന്ത്യയുടെ വരുതിയിലേക്ക് മാറവെയാണ് റിച്ചാർഡ്‌സണ്‍ കോഹ്‌ലിയെ പുറത്താക്കിയത്. 62 പന്തില്‍ നിന്നും 46 റണ്‍സുമായാണ് കോഹ്‌ലി മടങ്ങിയത്. റിച്ചാർഡ്‌സണിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന കോഹ്‌ലി ക്യാച്ച് നല്‍കുകയായിരുന്നു.

രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് കോഹ്‌ലിയെ റിച്ചാർഡ്‌സണ്‍ പുറത്താക്കിയത്. കളിയുടെ വിധി അവസാന ഓവറിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ വിക്കറ്റ്. 112 പന്തില്‍ നിന്നും 104 റണ്‍സായിരുന്നു കോഹ്‌ലി നേടിയിരുന്നത്. ആദ്യ ഏകദിനത്തില്‍ വെറും മൂന്ന് റണ്‍സിനാണ് റിച്ചാർഡ്‌സണ്‍ കോഹ്‌ലിയെ പുറത്താക്കിയത്. പരമ്പരയിലുടനീളം കോഹ്‌ലിയെ പൂട്ടുന്നതില്‍ അസാമാന്യ മികവാണ് ഓസീസ് പേസര്‍ കാഴ്ച വയ്ക്കുന്നത്. ഇന്ന് അര്‍ധ സെഞ്ചുറിക്ക് തൊട്ടരികെ പുറത്തായി തിരിച്ച് നടക്കുമ്പോള്‍ കോഹ്‌ലി തന്റെ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 231 റണ്‍സ്. 48.4 ഓവറില്‍ 230 റൺസിന് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ എല്ലാവരും പുറത്തായി. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്‌കോറിന് പുറത്താക്കാന്‍ സഹായിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ