അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ടാം മതിലെന്നാണ് ചേതേശ്വര്‍ പൂജാരയെ വിശേഷിപ്പിക്കുന്നത്. ക്ലാസിക് ബാറ്റിങ് ശൈലിക്ക് പേരു കേട്ട പൂജാര രാഹുല്‍ ദ്രാവിഡിനെ പോലെ തന്നെ നിര്‍ണായക ഘട്ടങ്ങളില്‍ നെടുംതൂണായി മാറുന്നതു കൊണ്ടാണ് രണ്ടാം മതിലെന്ന വിളിപ്പേര് സ്വന്തമാക്കിയത്. ദ്രാവിഡിന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന പൂജാര കളിശൈലിയില്‍ മാത്രമല്ല റെക്കോര്‍ഡിലും ദ്രാവിഡിന്റെ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ഇന്ന് അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ മുന്‍ നിരയും മധ്യനിരയുമെല്ലാം വീണു പോയപ്പോള്‍ ഒരു വശത്ത് ഉറച്ചു നിന്ന പൂജാര നേടിയത് 123 റണ്‍സാണ്. 246 പന്തുകളാണ് പൂജാര നേരിട്ടതെന്നത് ആ ഇന്നിങ്‌സിന്റെ വലുപ്പം വ്യക്തമാക്കും.

ഇതിനിടെ പൂജാര 5000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിലെ രസകരമായ വസ്തുതയെന്തെന്നാല്‍ രാഹുല്‍ ദ്രാവിഡ് 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച അത്ര തന്നെ ഇന്നിങ്‌സുകളാണ് പൂജാരയും കളിച്ചിരിക്കുന്നത് എന്നതാണ്. രണ്ടു പേരും 108 ഇന്നിങ്‌സുകളില്‍ നിന്നുമാണ് 5000 പൂര്‍ത്തിയാക്കിയത്. മറ്റൊരു രസകരമായ സാമ്യത രണ്ടു പേരും 3000, 4000 റണ്‍സുകള്‍ നേടാനും കളിച്ചത് ഒരേ ഇന്നിങ്‌സുകളായിരുന്നു. 67 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഇരുവരും 3000 റണ്‍സ് നേടിയത്. 4000 റണ്‍സെടുക്കാന്‍ രണ്ടു പേരും കളിച്ചത് 84 ഇന്നിങ്‌സുകളാണ്. ചരിത്രത്തിലെ കൗതുകത ആരാധകരേയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. ഓപ്പണിങ് ബാറ്റ്സ്മാന്മാരായ മുരളി വിജയ്‌യും കെ.എല്‍.രാഹുലും നായകന്‍ വിരാട് കോഹ്‌ലിയുമെല്ലാം നേരത്തെ തന്നെ കൂടാരം കയറിയ കളിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് പൂജാരയാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 250-9 എന്ന നിലയിലാണ്.

രോഹിത് ശര്‍മ്മയുമൊത്തു 41-4 എന്ന നിലയില്‍ നിന്നും ഇന്ത്യയെ പിടിച്ചുയര്‍ത്തി കൊണ്ടു വരികയായിരുന്നു പൂജാര. ഇന്ത്യന്‍ ഇന്നിങ്സ് 86 റണ്‍സിലെത്തി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്താകുന്നത്. 37 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. പിന്നീട് ആര്‍.അശ്വിനെ കൂട്ടുപിടിച്ച പൂജാര പതിയെ ഇന്ത്യയെ കൈപിടിച്ചു നടത്തിക്കുകയായിരുന്നു. 76 പന്ത് നേരിട്ട അശ്വിന്‍ 25 റണ്‍സെടുത്ത് പുറത്തായി.

മൂന്ന് റണ്‍സെടുത്തു നില്‍ക്കെ കെ.എല്‍.രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് മാത്രമാണ് രാഹുലിന് എടുക്കാനായത്. ജോഷ് ഹെയ്സല്‍വുഡാണ് രാഹുലിനെ പുറത്താക്കിയത്. പിന്നാലെ മുരളി വിജയ്‌യേയും ഇന്ത്യയ്ക്ക് നഷ്ടമായി. 22 പന്തില്‍ 11 റണ്‍സുമായാണ് വിജയ് മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിജയ്‌യുടെ വിക്കറ്റ്.

പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്‌ലിക്കും നിലയുറപ്പിക്കാനായില്ല. മൂന്ന് റണ്‍സ് മാത്രമെടുത്താണ് കോഹ്‌ലി പുറത്തായത്. പാറ്റ് കമ്മിന്‍സാണ് കോഹ്‌ലിയെ പുറത്താക്കിയത്. ഉപനായകന്‍ അജിങ്ക്യ രഹാനെ 13 റണ്‍സുമായി പുറത്തായി. വീണ്ടും ഹെയിസല്‍വുഡ് തന്നെ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook