അഡ്‌ലെയ്ഡ്: ക്രിക്കറ്റിലെ കരുത്തന്മാരിലെ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറാന്‍ സാധിക്കുക എന്നത് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്. എന്നാല്‍ എല്ലാവര്‍ക്കും ആ നേട്ടം വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. അഡ്‌ലെയ്ഡില്‍ നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ അരങ്ങേറിയ പേസര്‍ മുഹമ്മദ് സിറാജിനും എന്നെന്നും ഓര്‍മ്മിക്കാന്‍ സാധിക്കുന്നതായിരുന്നില്ല ആദ്യ മത്സരം.

അരങ്ങേറ്റത്തില്‍ തന്നെ നാണക്കേടിന്റെ റെക്കോര്‍ഡാണ് മുഹമ്മദ് സിറാജിനെ തേടിയെത്തിയിരിക്കുന്നത്. അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഓര്‍ക്കാനാഗ്രഹിക്കാത്ത റെക്കോര്‍ഡാണ് സിറാജിനെ തേടിയെത്തിയിരിക്കുന്നത്. 10 ഓവറില്‍ 76 റണ്‍സാണ് സിറാജ് വഴങ്ങിയത്. 1975 ല്‍ അരങ്ങേറിയ കര്‍സന്‍ ഖാവ്‌റിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ താരം അന്ന് 11 ഓവറില്‍ 83 റണ്‍സാണ് വഴങ്ങിയത്.

അരങ്ങേറ്റത്തിലെ ഏറ്റവും മോശം എക്കണോമിയുടെ റെക്കോര്‍ഡും ഇന്ന് സിറാജ് സ്വന്തം പേരിലാക്കി. 7.60 ആണ് സിറാജിന്റെ എക്കണോമി റേറ്റ്. ഓസീസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കാനുള്ള അവസരം രണ്ട് വട്ടം ലഭിച്ചെങ്കിലും വിധി സിറാജിന് എതിരായിരുന്നു.

അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 299 റണ്‍സാണ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ഷോണ്‍ മാര്‍ഷിന്റെ മികച്ച ബാറ്റിങ്ങാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. മാര്‍ഷ് 131 റണ്‍സെടുത്തു.

ഓസ്‌ട്രേലിയയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ 18 റണ്‍സെടുത്ത അലക്‌സ് കാറെയെയും 6 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെയും തുടക്കത്തിലേ നഷ്ടമായി. മുഹമ്മദ് ഷമിക്കും ഭുവനേശ്വര്‍ കുമാറിനുമായിരുന്നു വിക്കറ്റ്. പിന്നാലെ 21 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയെ റണ്‍ഔട്ടിലൂടെ രവീന്ദ്ര ജഡേജ പുറത്താക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ