മെല്‍ബണ്‍: ഇന്ന് മെല്‍ബണിന്റെ മൈതാനത്ത് കണ്ടത് ഒരു റിപ്ലേയായിരുന്നു. നാളുകള്‍ക്ക് മുന്നേ സ്ഥിരക്കാഴ്ച്ചയായിരുന്ന ധോണിയുടെ ഫിനിഷിങിന്റെ ആക്ഷന്‍ റീപ്ലേ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടും പരാജയത്തിന്റെ പഴി കേള്‍ക്കേണ്ട വന്ന ധോണി അതേ ആരാധകരെ കൊണ്ട് തനിക്ക് വേണ്ടി കൈയ്യടിപ്പിച്ചിരിക്കുന്നു. കാലങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2011 ന് ശേഷം പ്ലെയര്‍ ഓഫ് ദ സീരിസ് എന്നതിന് ഒപ്പം എംഎസ് ധോണി എന്ന് മെല്‍ബണില്‍ വിളിച്ചു പറഞ്ഞ നിമിഷമാണ് അവര്‍ക്കുള്ള ധോണിയുടെ മറുപടി.

Also Read: മെൽബണിലും ചരിത്രമെഴുതി എം.എസ്.ധോണി; നേട്ടത്തിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരം

നായകന്‍ വിരാട് കോഹ്ലി പുറത്തായതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ധോണി ഇന്ത്യയെ വിജയതീരത്ത് എത്തിക്കും വരെ കളിക്കളത്തില്‍ തുടര്‍ന്നു. മറു വശത്ത് അര്‍ധ സെഞ്ചുറിയുമായി കേദാര്‍ ജാദവും ഒപ്പം കൂടിയതോടെ ഇന്ത്യ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ധോണി 114 പന്തില്‍ നിന്നും 87 റണ്‍സും ജാദവ് 57 പന്തില്‍ നിന്നും 61 റണ്‍സും നേടി. നാലാം വിക്കറ്റില്‍ കേദാറുമൊത്ത് 121 റണ്‍സാണ് ധോണി കൂട്ടിച്ചേര്‍ത്തത്.

Also Read: ഇന്ത്യക്ക് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ സാധിക്കും: എം എസ് ധോണി

തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികളാണ് ചരിത്ര പ്രധാന്യമുള്ള പരമ്പര വിജയത്തില്‍ ധോണി നേടിയത്. 2018 ല്‍ ഒരു ഫിഫ്റ്റി പോലും ധോണിയുടെ പേരിലില്ലായിരുന്നു. പുതുവര്‍ഷത്തിലെ ആദ്യ പരമ്പരയില്‍ തന്നെ കളിച്ച എല്ലാ കളിയിലും അര്‍ധ സെഞ്ചുറി നേടിയിരിക്കുകയാണ് മുന്‍ നായകന്‍. ഓസ്‌ട്രേലിയയില്‍ 1000 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമായി ഇന്ന് ധോണി.

Also Read: ധോണിയുടെ പ്രായശ്ചിത്തം; മാർഷിന് അനാവശ്യ റെക്കോർഡ്

ഏകദിനത്തില്‍ 70 അര്‍ധ സെഞ്ചുറികള്‍ നേടിയതോടെ ഈ പട്ടികയിലും ധോണി നാലാമനായി മാറി. 74 പന്തുകളില്‍ നിന്നുമാണ് ധോണി അര്‍ധ സെഞ്ചുറി നേടിയത്. അതിന് തൊട്ടു മുമ്പ് 48ാം റണ്‍സിലെത്തിയപ്പോള്‍ പരമ്പരയിലെ ടോപ്പ് സ്‌കോറര്‍മാരില്‍ വിരാട് കോഹ്ലിയെ മറി കടന്ന് രണ്ടാമനുമായി ധോണി. സിഡ്‌നിയില്‍ നേടിയ ഫിഫ്റ്റിക്ക് പ്രശംസക്ക് പകരം കിട്ടിയത് പഴിയായിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡില്‍ ടീമിനെ വിജയ തീരത്തെത്തിച്ച ഫിഫ്റ്റിയിലൂടെ ആ പാപക്കറ കഴുകിക്കളഞ്ഞ ധോണി ഇന്നും നേട്ടം ആവര്‍ത്തിച്ചു.

Also Read: കോഹ്‍ലി എല്ലാം തികഞ്ഞ മാന്യൻ: രവി ശാസ്ത്രി

കരിയറില്‍ ഇത് അഞ്ചാം തവണയാണ് ധോണി തുടര്‍ച്ചയായി മൂന്ന് ഫിഫ്റ്റി അടിക്കുന്നത്. സിഡ്‌നിയില്‍ 52, അഡ്‌ലെയ്ഡില്‍ 55, മെല്‍ബണില്‍ 87 എന്നിങ്ങനെയാണ് ധോണി നേടിയ സ്‌കോറുകള്‍. ഈ പ്രകടനങ്ങളുടെ കരുത്തില്‍ പ്ലെയര്‍ ഓഫ് ദ സീരിസ് ആയി ധോണി. 37 വര്‍ഷവും 195 ദിവസും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്ലെയര്‍ ഓഫ് ദ സീരിസ് ജേതാവായി ധോണി മാറി. ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറെയാണ് ധോണി പിന്തള്ളിയത്.

Also Read: ഫിഞ്ചിനെ പുറത്താക്കാന്‍ ഭുവിയുടെ ചെവിയില്‍ ധോണിയുടെ ‘ഗീതോപദേശം’; ഫലം ഉടനടി

അര്‍ധസെഞ്ചുറിക്ക് പിന്നാലെ സ്‌കോര്‍ 80 ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മയെ പിന്തള്ളി പരമ്പരയിലെ ടോപ്പ് സ്‌കോററുമായി മാറി ധോണി. 193 റണ്‍സാണ് ധോണി പരമ്പരയില്‍ ആകെ നേടിയത്. വിജയകരമായ റണ്‍ ചെയ്‌സിങില്‍ ധോണിയുടെ ആവറേജ് 103.07 ആയി. വിരാട് കോഹ്ലിയെയാണ് ധോണി മറി കടന്നത്. ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു ഏകദിന പരമ്പര ജയിക്കുന്നത് 2008 ലായിരുന്നു. അന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ മഹിയുണ്ടായിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ചരിത്രം ധോണി വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook