മെല്‍ബണ്‍: വേഗതയും കണിശതയും മാത്രമല്ല പലപ്പോഴും തന്ത്രവും വേണ്ടി വരും വിക്കറ്റ് വീഴ്ത്താന്‍. അങ്ങനൊരു തന്ത്രത്തിലൂടെയാണ് ഇന്ന് ഭുവനേശ്വര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കിയത്. ഭുവിക്ക് തന്ത്രം ഓതിയതാകട്ടെ കളിക്കളത്തിലെ തന്ത്രങ്ങളുടെ ആശാനായ എം.എസ്.ധോണിയും.

ഓസീസ് ഓപ്പണറായ ഫിഞ്ചിന്റെ ഇന്നിങ്‌സ് 24 പന്തുകള്‍ പിന്നിട്ടിരുന്നു അപ്പോള്‍. പതിവിന് വ്യത്യസ്തമായി ക്രീസില്‍ നിന്നും കുറേക്കൂടി മുന്നോട്ട് കയറിയായിരുന്നു ഫിഞ്ച് നിന്നിരുന്നത്. ഇത് കണ്ട ധോണി ഭുവിയെ അരികില്‍ വിളിച്ച് ബുദ്ധി ഉപദേശിച്ച് കൊടുക്കുകയായിരുന്നു. ഒമ്പതാം ഓവറിന്റെ അഞ്ചാം പന്ത് എറിയാന്‍ തയ്യാറെടുക്കുകയായിരുന്നു അപ്പോള്‍ ഭുവി. ധോണിയുമായി സംസാരിച്ചതിന് ശേഷം ഭുവനേശ്വര്‍ എറിഞ്ഞ അഞ്ചാം പന്ത് കണ്ടു നിന്നവരുടെ നെറ്റി ചുളിപ്പിക്കുന്നതായിരുന്നു.

അമ്പയറുടെ അടുത്തായി, സ്റ്റമ്പിന് പിന്നില്‍ നിന്നുമായിരുന്നു ഭുവി തന്റെ അഞ്ചാം പന്ത് എറിഞ്ഞത്. അപ്രതീക്ഷിതമായ ഏറില്‍ ഫിഞ്ചും അമ്പരന്നു. എന്നാല്‍ പന്ത് ഡെഡ് ബോള്‍ ആണെന്ന് അമ്പയര്‍ വിധിച്ചു. അമ്പയറുടെ തീരുമാനം ഭുവിയ്ക്കും ഉള്‍ക്കൊള്ളാനായില്ല. ഡെഡ് ബോള്‍ അല്ലെന്ന് ഭുവനേശ്വര്‍ പറയുന്നത് സ്റ്റമ്പ് മൈക്കില്‍ നിന്നും കേള്‍ക്കാമായിരുന്നു.

പക്ഷെ തൊട്ടടുത്ത പന്തില്‍ ഭുവനേശ്വര്‍ പിന്നേയും ഞെട്ടിച്ചു. ഇത്തവണ കുറേക്കൂടി കേറിയാണ് ഭുവനേശ്വര്‍ എറിഞ്ഞത്. ഫലമോ? ആശങ്കയിലായ ഫിഞ്ച് എല്‍ബിഡബ്ല്യുവിന് മുന്നില്‍ കുരുങ്ങി. റിവ്യു വിളിക്കണമോ എന്ന് ആദ്യമൊന്ന് ശങ്കിച്ച ഫിഞ്ച് പക്ഷെ അതിന് കൂട്ടാക്കാതെ മൈതാനം വിട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ